ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറില്‍ തടവില്‍ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയില്‍ ഇളവ്.ഇവരുടെ വധശിക്ഷ ജയില്‍ ശിക്ഷയായി കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇളവ് കിട്ടിയവരില്‍ മലയാളികളുമുണ്ട്. ഖത്തറിലെ അപ്പീല്‍ കോടതി ശിക്ഷയില്‍ ഇളവ് ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ഖത്തറിലെ ഇന്ത്യൻ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും നാവികസേന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വ്യാഴാഴ്ച അപ്പീല്‍ കോടതിയില്‍ ഹാജരായി. വിഷയത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ അവര്‍ക്കൊപ്പമാണ്.എല്ലാ കോണ്‍സുലര്‍, നിയമ സഹായങ്ങളും ഞങ്ങള്‍ തുടര്‍ന്നും നല്‍കും. ഖത്തര്‍ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്യുന്നത് തുടരും.
ഈ കേസിന്റെ നടപടിക്രമങ്ങളുടെ രഹസ്യാത്മക സ്വഭാവം കണക്കിലെടുത്ത് കൂടുതല്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല- എംഇഎ പ്രസ്ഥാവനയില്‍ അറിയിച്ചു.കമാൻഡര്‍ പൂര്‍ണേന്ദു തിവാരി, കമാൻഡര്‍ സുഗുണാകര്‍ പകല, കമാൻഡര്‍ അമിത് നാഗ്പാല്‍, കമാൻഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റൻ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട്, ഗോപകുമാര്‍ രാഗേഷ് എന്നിവരെയാണ് ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റില്‍ ഖത്തര്‍ അറസ്റ്റ് ചെയ്തത്,ഒക്ടോബറിലാണ് ഖത്തര്‍ കോടതി ചാരപ്രവര്‍ത്തനം ആരോപിച്ച് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഇന്ത്യ നവംബറില്‍ കേസില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ കാണുകയും കേസില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.അവരെ മോചിപ്പിക്കാൻ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എട്ട് പേര്‍ക്കെതിരെ ഈ വര്‍ഷം മാര്‍ച്ച് 25 ന് കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 29 നാണ് വിചാരണ ആരംഭിച്ചത്.