ഭർത്താവിന്റെ സുഹൃത്തായ കോൺട്രാക്ടറെ കൊലപ്പെടുത്താൻ ക്വാട്ടേഷന്‍ നല്‍കിയതിന് പിന്നിൽ പ്രതികാരമെന്ന് പോലീസ്: ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

August 14, 2021
359
Views

കണ്ണൂര്‍: പരിയാരത്ത് ഭർത്താവിന്റെ സുഹൃത്തായ കോൺട്രാക്ടറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിലായ സംഭവത്തിൽ പ്രതിയായ എൻവി സീമ ക്വാട്ടേഷന്‍ നല്‍കിയത് പ്രതികാരം തീര്‍ക്കാനെന്ന് പൊലീസ്.

പയ്യന്നൂർ സ്വദേശി എൻവി സീമയെയാണ് പരിയാരം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാൻ മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു സീമ ക്വട്ടേഷൻ നൽകിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന് നിരന്തരം മദ്യം നൽകി തനിക്ക് എതിരാക്കി പ്രശ്നങ്ങളുണ്ടാക്കുന്നത് ഈ സുഹൃത്താണെന്നായിരുന്നു സീമയുടെ ആരോപണം.

അമ്പത്തിരണ്ടു കാരിയായ സീമയെ ഭര്‍ത്താവിന്‍റെ സുഹൃത്തായ സുരേഷ് ബാബുവിനെതിരെ ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചത് വൈരാഗ്യം മൂത്തുണ്ടായ പ്രതികാരത്താലാണ് എന്നാണ് പൊലീസ് പറയുന്നത്. സീമ ഭർത്താവുമായി കലഹം പതിവായിരുന്നു. സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭ‍ർത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചു.

ഭര്‍ത്താവുമായി പിണങ്ങി കണ്ണൂരില്‍ താമസിക്കുന്ന സമയത്താണ് സീമ സുരേഷ് ബാബുവിനെതിരെ ക്വട്ടേഷന്‍ നല്‍കുന്നത്. ഇവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ തലശേരി സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായ ആക്രമണത്തിൽ പരിയാരം സ്വദേശി സുരേഷ് ബാബുവിന് ഗുരുതര പരിക്കേറ്റിരുന്നു.

ആക്രമണം നടത്തിയ ആളുകൾ പൊലീസ് പിടിയിലായതോടെയാണ് അയല്‍ക്കാരനും ബന്ധുവുമായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയായ സീമയാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് മനസിലായത്. ആക്രമണം നടത്തിയ ജിഷ്ണു, അഭിലാഷ്, സുധീഷ് രതീഷ് എന്നിവർ പൊലീസിന്റെ പിടിയെങ്കിലും സീമ ഒളിവിൽ ആയിരുന്നു.

അതേ സമയം സീമയ്ക്കെതിരെ നടപടി എടുക്കുമെന്നാണ് ഇവര്‍ ജോലി ചെയ്യുന്ന കേരള ബാങ്ക് അറിയിച്ചത്. ബാങ്കിന്‍റെ യശ്ശസിന് കളങ്കമുണ്ടാക്കുന്ന നടപടിയാണ് സീമയില്‍ നിന്നും ഉണ്ടായത് എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *