ന്യൂ ഡെൽഹി: രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകൾ പുഃസ്ഥാപിച്ചു. ഡെൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് ഒരാഴ്ചയോളം കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ ട്വിറ്റർ താത്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു.
ബലാത്സംഗത്തിനിരയായവരുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. എന്നാൽ ട്വിറ്ററിന്റെ നടപടിയെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിക്കുകയുണ്ടായി.
അക്കൗണ്ട് പൂട്ടിയതിലൂടെ ട്വിറ്റർ ഇന്ത്യയുടെ രാഷ്ട്രീയപ്രക്രിയയിലാണ് ഇടപെടുന്നത്. സർക്കാരിന് കടപ്പെട്ടവനാണ് എന്ന ഒറ്റക്കാരണത്താൽ നമ്മുടെ രാഷ്ട്രീയം നിശ്ചയിക്കാൻ കമ്പനികളെ അനുവദിക്കണോ? -യുട്യൂബ് ചാനലിലൂടെ രാഹുൽ ചോദിക്കുകയുണ്ടായി.
‘നമ്മുടെ രാഷ്ട്രീയം നിർണയിക്കാൻ ഒരു കമ്പനി അവരുടെ ബിസിനസ് ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ ആക്രമിക്കുന്നതിന് തുല്യമാണ്. ഇത് രാഹുൽ ഗാന്ധിക്കെതിരേയുള്ള നീക്കമല്ല. ഇത് രാഹുലിനെ മാത്രം പൂട്ടുന്നതല്ല. ട്വിറ്ററിൽ രണ്ടുകോടി പേർ എന്നെ പിന്തുടരുന്നുണ്ട്. അവരുടെയെല്ലാം അഭിപ്രായത്തിനുള്ള അവകാശമാണ് നിരാകരിക്കുന്നത്. അതാണ് നിങ്ങൾ ചെയ്യുന്നത്’ -രാഹുൽ ചൂണ്ടിക്കാട്ടി.