വരുംദിവസങ്ങളില്‍ മഴ ശക്‌തമായില്ലെങ്കില്‍ കേരളം കടുത്ത പ്രതിസന്ധിയിലേക്കു പോകുമെന്നു വിദഗ്‌ധര്‍.
തിരുവനന്തപുരം : വരുംദിവസങ്ങളില്‍ മഴ ശക്‌തമായില്ലെങ്കില്‍ കേരളം കടുത്ത പ്രതിസന്ധിയിലേക്കു പോകുമെന്നു വിദഗ്‌ധര്‍.
കാലവര്‍ഷം ആരംഭിച്ച് രണ്ടാഴ്‌ച കഴിഞ്ഞിട്ടും ഇതുവരെ മഴ ശക്‌തമായിട്ടില്ല. ഇന്നു മുതല്‍ ശക്‌തിപ്പെടുമെന്നാണു വിലയിരുത്തലെങ്കിലും അതുണ്ടായില്ലെങ്കില്‍ കുടിവെള്ളക്ഷാമം ഉള്‍പ്പെടെ സംസ്‌ഥാനത്തിനു നേരിടേണ്ടി വന്നേക്കും.
ജൂണ്‍ നാലിനു കാലവര്‍ഷം ശക്‌തമാകുമെന്നായിരുന്നു കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ പ്രതീക്ഷിച്ച സമയത്ത് കാലവര്‍ഷം എത്തിയില്ല. എത്തിയപ്പോഴാകട്ടെ, മഴയില്‍ വലിയ കുറവുണ്ടാകുകയും ചെയ്‌തു. രണ്ടാഴ്‌ചകൊണ്ട് 345.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 139.5 മില്ലിമീറ്റര്‍ മാത്രമാണു കേരളത്തില്‍ ലഭിച്ചത്. 60 ശതമാനം കുറവാണിത്. സംസ്‌ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും 60 മുതല്‍ 75 ശതമാനം വരെ കുറവ് മഴേയ കിട്ടിയിട്ടുള്ളൂ. കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, വയനാട് എന്നിവിടങ്ങളിലെല്ലാം വന്‍ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
കാലവര്‍ഷത്തിനു മുന്നോടിയായുള്ള വേനല്‍മഴയും ഇത്തവണ കുറവായിരുന്നു. 345 മില്ലിമീറ്റര്‍ ലഭിക്കേണ്ടിയിരുന്ന ഇത് 236.4 മില്ലിമീറ്റര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം 34 ശതമാനം കുറവാണിത്. മലബാറില്‍ വലിയതോതിലാണു വേനല്‍മഴ കുറഞ്ഞത്. അതോടൊപ്പം ഇപ്പോഴത്തെ കുറവുകൂടിയാകുമ്ബോള്‍ വലിയ പ്രതിസന്ധിയാണുണ്ടാവുകയെന്നാണു വിലയിരുത്തല്‍.
അതേസമയം വരുംനാളുകളില്‍ കാലവര്‍ഷം ശക്‌തമാകുമെന്ന പ്രതീക്ഷയിലാണു കാലാവസ്‌ഥാ വകുപ്പ്. ഇന്നാരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ ശക്‌തമായ മഴയുണ്ടാകുമെന്ന് അവര്‍ പറയുന്നു. അടുത്ത അഞ്ചുദിവസം ശക്‌തമായ മഴയാണു പ്രതീക്ഷിക്കുന്നത്. ഇപ്പോഴുണ്ടായിട്ടുള്ള കുറവ് വരുംദിവസങ്ങളില്‍ മറികടക്കും.
കേരളത്തില്‍ കാലവര്‍ഷം എത്തിയ ഉടന്‍ ബിപോര്‍ജോയി ചുഴലിക്കാറ്റ് രൂപംകൊണ്ടതാണു മഴ കുറയാന്‍ കാരണമെന്നാണു വിലയിരുത്തല്‍. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കാറ്റ് ശക്‌തമാകുകയും മഴ കനക്കുകയും ചെയ്യുമെന്നാണു കാലാവസ്‌ഥാ വിദഗ്‌ധര്‍ നല്‍കുന്ന ഉറപ്പ്.