സൗദി അറേബ്യയില്‍ വ്യാപകമായി മഴ തുടരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ വ്യാപകമായി മഴ തുടരുന്നു. വടക്കൻ മേഖലയില്‍ ശക്തമായ മഞ്ഞുവീഴ്ചയും. തലസ്ഥാനമായ റിയാദിലുള്‍പ്പടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ റിയാദ് നഗരത്തില്‍ പരക്കെ മഴ പെയ്തു. ഉച്ചക്ക് ശേഷമാണ് തോര്‍ന്നത്. വ്യാഴാഴ്ച രാത്രി ഹാഇല്‍ മേഖലയില്‍ ശക്തമായ ആലിപ്പഴ വര്‍ഷമുണ്ടായി. ഹാഇല്‍ നഗരത്തിലെ തെക്കുഭാഗത്തെ ജനവാസ പ്രദേശങ്ങളിലുള്‍പ്പടെയാണ് മഴക്കൊപ്പം ആലിപ്പഴം വീണത്. നല്ല വലിപ്പമുള്ള ആലിപ്പഴങ്ങള്‍ വീണ് വാഹനങ്ങള്‍ക്കൊക്കെ ചെറിയതോതില്‍ കേടുപാടുകളുണ്ടായി.
മക്ക മേഖലയിലാകെയും മസ്ജിദുല്‍ ഹറാമിലും വ്യാഴാഴ്ച ശക്തമായ മഴ പെയ്തു. മക്കയിലും ഖസീം, ഹാഇല്‍, തബൂക്ക്, വടക്കൻ അതിര്‍ത്തിയിലെ മറ്റ് മേഖലകള്‍, മദീന, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലും ശീതകാറ്റും മഴയും ആലിപ്പഴ വര്‍ഷവും തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.