സാഹസികതയും സര്‍ഗവൈഭവവും ആധുനിക സാങ്കേതിക വിദ്യകളുടെ അകമ്ബടിയോടെ എത്തുന്ന വിസ്മയ കാഴ്ചകളുമായി റാംബോ സര്‍ക്കസ്
കൊച്ചി: സാഹസികതയും സര്‍ഗവൈഭവവും ആധുനിക സാങ്കേതിക വിദ്യകളുടെ അകമ്ബടിയോടെ എത്തുന്ന വിസ്മയ കാഴ്ചകളുമായി റാംബോ സര്‍ക്കസ് എറണാകുളം കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ ആരംഭിച്ചു.
സര്‍ക്കസ് കൂടാരത്തില്‍നിന്ന് മാറി എയര്‍കണ്ടീഷന്‍ ഓഡിറ്റോറിയത്തില്‍ സര്‍ക്കസ് അഭ്യാസങ്ങള്‍ അവതരിപ്പിക്കുന്നത് കേരളത്തില്‍ ഇതാദ്യമായാണ്.
ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, ഗോവ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ വിജയകരമായ പ്രദര്‍ശനത്തിനുശേഷമാണ് റാംബോ സംഘം കൊച്ചിയിലെത്തുന്നത്. യുവതലമുറയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്കി സംഗീതത്തിന്റെയും ലൈറ്റ് സിസ്റ്റത്തിന്റെയും അകമ്ബടിയോടെയാണ് 40ഓളം കലാകാരന്മാര് അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങള്‍.
അദ്ഭുതമുളവാക്കുന്ന പ്രകടനങ്ങളുമായാണ് റാംബോ കൊച്ചിയില്‍ എത്തിയിരിക്കുന്നത്. ബബിള്‍ ഷോ, സ്കേറ്റിംഗ്, ഹ്യുമന്‍ സ്ലിങ്കി, സ്വോഡ് ആക്ട്, ക്യുബ് ജഗ്ലിംഗ്, റോല്ല ബൊല്ല, ഹുല ഹോപ് ആന്‍ഡ് ഏരിയല്‍ റോപ് തുടങ്ങി 120 മിനിറ്റ് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനമായിരിക്കും റാംബോ കൊച്ചിയില്‍ കാഴ്ചവയ്ക്കുകയെന്ന് റാംബോ സര്‍ക്കസ് ഉടമ സുജിത് ദിലീപ് പറഞ്ഞു.
ദിവസേന നാല് ഷോ ഉണ്ടാകും. രാവിലെ 11, ഉച്ചയ്ക്ക് 1.30, വൈകിട്ട് 4.30, രാത്രി 7.30. ടിക്കറ്റുകള്‍ ‘ബുക്ക് മൈ ഷോ’യിലൂടെ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് 300, 400, 500 രൂപ. ഈ മാസം 31 വരെയാണു പ്രദര്‍ശനം.