കണ്ണൂർ: നായയും മനുഷ്യരും തമ്മിലുള്ള ആത്മബന്ധം പ്രാചീന കാലത്തു തന്നെ തുടങ്ങിയതാണ്. എന്നാൽ ഇവിടെയിതാ കുടുംബ ബന്ധങ്ങളുടെ ഇഴ പോലും പൊട്ടുന്ന കാലത്ത് ഒരു വളർത്തു നായ തന്റെ യജമാനനെ അദ്ദേഹം മരിച്ചുവെന്നറിയാതെ മോർച്ചറിക്കു മുൻപിൽ കാത്തു നിൽക്കുന്നു.
കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് യജമാനനെ മോർച്ചറിക്കു മുൻപിൽ കാത്തു നിൽക്കുന്ന വളർത്തുനായ കാഴ്ച്ചക്കാരുടെ മനസിൽ നൊമ്പരമുണർത്തുന്നത്. കഴിഞ്ഞ മൂന്നു മാസമായി രാമു വെന്ന് ആശുപത്രി ജീവനക്കാർ നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന ഈ നായ അവിടെയുണ്ട്.
നാളുകൾക്ക് മുൻപാണ് ഈ നായ ആശുപത്രിയിലെത്തുന്നത്. എവിടെ നിന്നാണ് എത്തിയതെന്നു ആർക്കുമറിയില്ല. എന്നാൽ ഇതിന്റെ ഉടമയുടെ മൃതദേഹം ഒരു ദിവസം മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവന്നിരുന്നുവെന്നും ഇതിനു ശേഷം നായ പിന്നീട് മടങ്ങി പോയിട്ടില്ലെന്നും ആശുപത്രി അറ്റൻഡറായ രാജേഷ് കാങ്കോൽ പറഞ്ഞു.
മൃതദേഹം മോർച്ചറിയിലെത്തിക്കുന്നത് മുൻ വശത്തുകൂടിയാണെങ്കിലും ബന്ധുക്കൾക്ക് നിയമ നടപടികൾ പൂർത്തിയാക്കി വിട്ടു കൊടുക്കുന്നത്. ഇതു നായ കാണാത്തതു കാരണം തന്റെ യജമാനൻ മോർച്ചറിയിൽ തന്നെയുണ്ടാകുമെന്ന് നായ കരുതുന്നുണ്ടാകമെന്നും രാജേഷ് പറഞ്ഞു.
തുടക്കത്തിൽ ഈ നായ തിന്നാതെയും കുടിക്കാതെയും ഇരുന്ന് മെലിഞ്ഞു പോയെങ്കിലും പിന്നീട് ആശുപത്രി ജീവനക്കാരുടെ പരിചരണത്തിൽ ഉഷാറാവുകയായിരുന്നു.
കണ്ണിൽ കാണുന്നതെന്തും രാമു ഭക്ഷിക്കാറില്ല. രാമുവിനായി ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ കൈയ്യിൽ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരാറുണ്ട്.
അതുകൊണ്ടു തന്നെ നല്ല ആഹാരം കഴിക്കുന്നതിനാൽ രാമു ഇപ്പോൾ സാമാന്യം ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ എന്തിനോ യെന്നറിയാത്ത കാത്തിരുപ്പ് ഇപ്പോഴും തുടരുകയാണ്. തന്റെ യജമാനൻ ഒരിക്കലും തിരിച്ചുവരില്ലെന്നും അറിയാതെ.