സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും റേഷൻ വിതരണം താറുമാറായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും റേഷൻ വിതരണം താറുമാറായി. ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടര്‍ന്നാണ് വിവിധ ഇടങ്ങളില്‍ റേഷൻ വിതരണം മുടങ്ങിയത്.
തുടര്‍ച്ചയായ രണ്ടാം ദിനമാണ് റേഷൻ വിതരണം തടസപ്പെട്ടത്. ഇ-പോസ് മെഷീൻ അപ്ഡേറ്റ് ചെയ്യുന്നതിലേ തകരാറാണ് സേവനം തടസപ്പെട്ടതിന് പിന്നിലെ കാരണം. രാവിലെ മുതല്‍ റേഷൻ കടകളില്‍ എത്തിയ ഉപഭോക്താക്കള്‍ നിരാശരായാണ് മടങ്ങിയത്.
ഇ-പോസ് മെഷീനിലെ ആപ്ലിക്കേഷനില്‍ കഴിഞ്ഞ ദിവസം പുതിയ അപ്ഡേറ്റ് എത്തിയിരുന്നു. എന്നാല്‍, സംസ്ഥാനത്തെ 14,172 റേഷൻ കടകളില്‍ 7,589 റേഷൻ കടകള്‍ മാത്രമാണ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്തത്. ഭൂരിഭാഗം റേഷൻ കടകള്‍ക്കും ഇത് അപ്ഡേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഇതോടെയാണ് തുടര്‍ച്ചയായി റേഷൻ വിതരണം തടസപ്പെട്ടത്. സമാനമായ രീതിയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ റേഷൻ വിതരണം തടസപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വേര്‍ഷൻ 2.3- ല്‍ നിന്നും വേര്‍ഷൻ 2.4-ലേക്ക് അപ്ഡേറ്റ് ചെയ്തത്. പുതിയ പതിപ്പ് വ്യാപാരികള്‍ക്ക് തന്നെ അപ്ഡേറ്റ് ചെയ്യാമെന്ന് സിവില്‍ സപ്ലൈസ് ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങളും റേഷൻ കടയുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം പേര്‍ക്കും ഇത് അപ്ഡേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.