റേഷൻ കുറവുള്ള വെള്ള കാര്‍ഡ് ഉടമകളുടെ അരി ഓണക്കാലത്തും വെട്ടിക്കുറച്ച് സര്‍ക്കാറിന്റെ കടുംകൈ.
തിരൂര്‍: റേഷൻ കുറവുള്ള വെള്ള കാര്‍ഡ് ഉടമകളുടെ അരി ഓണക്കാലത്തും വെട്ടിക്കുറച്ച് സര്‍ക്കാറിന്റെ കടുംകൈ. മേയ്, ജൂണ്‍ മാസങ്ങളില്‍ 10 കിലോ വീതവും കഴിഞ്ഞ മാസം ഏഴു കിലോയുമായിരുന്നു 10.90 രൂപ നിരക്കില്‍ നല്‍കിയിരുന്നത്.
എന്നാല്‍, അതാണ് ഓണക്കാലമായിട്ടും ഈ മാസം രണ്ട് കിലോയാക്കി വെട്ടിക്കുറച്ചത്.
അതോടൊപ്പം മുൻകാലങ്ങളില്‍ ഓണക്കാലത്ത് നല്‍കിയിരുന്ന സ്പെഷല്‍ അരി പകുതിയായി കുറച്ചു. 10 കിലോ നല്‍കിയിരുന്നതാണ് അഞ്ച് കിലോയാക്കിയത്. ഇതോടെ നിലവില്‍ ഈ മാസം വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഏഴ് കിലോ അരിയാണ് 10.90 രൂപ നിരക്കില്‍ ലഭിക്കുക.
പച്ചരിയും ഈ മാസം കിട്ടാക്കനിയാണ്. പൊതു വിപണിയിലെ അനിയന്ത്രിത വിലക്കയറ്റത്തില്‍ ചെറിയ ഒരു ആശ്വാസമായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കിറ്റും ഇത്തവണ കിട്ടില്ല. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കു മാത്രമാണ് കിറ്റ് നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്. സിവില്‍ സപ്ലൈസ് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ കിലോക്ക് 25 രൂപ നിരക്കില്‍ അരി ലഭിക്കുമെങ്കിലും ഒരു കാര്‍ഡുടമക്ക് അഞ്ച് കിലോയായി നിജപ്പെടുത്തിയിട്ടുണ്ട്.