സംസ്ഥാനത്ത് റേഷൻ വ്യാപാരികള്‍ സമരത്തിലേക്ക്.
സംസ്ഥാനത്ത് റേഷൻ വ്യാപാരികള്‍ സമരത്തിലേക്ക്. സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്.
നാളെ സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും. കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശ്ശിക നല്‍കുക, വേതന പാക്കേജ് പരിഷ്കരിക്കുക, ഇ-പോസ് യന്ത്രത്തിന് നിരന്തരം ഉണ്ടാകുന്ന തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്.
ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തില്‍ അനുകൂല നിലപാട് ഉണ്ടായിട്ടില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനും റേഷൻ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇതിനോടകം തന്നെ സര്‍ക്കാറിനെ അറിയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. അതേസമയം, തുടര്‍ച്ചയായി മൂന്ന് മാസമോ അതിലധികമോ റേഷൻ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷൻ കാര്‍ഡുകള്‍ മുൻഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തിലേക്ക് മാറ്റിയ ഉത്തരവ് പുറത്തുവിട്ടിട്ടുണ്ട്. പൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് വിശദവിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.