യു.എസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫിനാൻസ് മാഗസീൻ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ ആഗോളതലത്തില്‍ ഏറ്റവും മികച്ച സെൻട്രല്‍ ബാങ്കറായി തിരഞ്ഞെടുത്തു
വാഷിങ്ടണ്‍: യു.എസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫിനാൻസ് മാഗസീൻ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ ആഗോളതലത്തില്‍ ഏറ്റവും മികച്ച സെൻട്രല്‍ ബാങ്കറായി തിരഞ്ഞെടുത്തു.
‘എ+'(A+) റേറ്റുചെയ്ത മൂന്ന് സെൻട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെ പട്ടികയില്‍ ദാസ് ഒന്നാം സ്ഥാനത്താണ്. ശക്തികാന്ത ദാസിനെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.
‘ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് അഭിനന്ദനങ്ങള്‍. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷമാണ്. അദ്ദേഹത്തിന്റെ സമര്‍പ്പണവും കാഴ്ചപ്പാടും നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ പാതയെ ശക്തിപ്പെടുത്തുന്നത് തുടരുന്നു’ മോദി കുറിച്ചു. ശക്തികാന്ത ദാസിന് 2023 ജൂണില്‍ ലണ്ടനിലെ സെൻട്രല്‍ ബാങ്കിംഗിന്‍റെ ‘ഗവര്‍ണര്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഗ്ലോബല്‍ ഫിനാൻസ് മാസികയുടെ റാങ്കിങ് പ്രകാരം എ മുതല്‍ എഫ് വരെയുള്ള ഗ്രേഡുകളുണ്ട്. പണപ്പെരുപ്പ നിയന്ത്രണം, സാമ്ബത്തിക വളര്‍ച്ചാ ലക്ഷ്യങ്ങള്‍, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ് എന്നിവയൊക്കെയാണ് ഇതിലുള്‍പ്പെടുന്നത്.
തൊട്ടടുത്ത സ്ഥാനങ്ങളിലായി സ്വിറ്റ്‌സര്‍ലൻഡ് ഗവര്‍ണര്‍ തോമസ് ജെ ജോര്‍ദാനും വിയറ്റ്‌നാം സെൻട്രല്‍ ബാങ്ക് മേധാവി എൻഗുയെൻ തി ഹോംഗും ഉള്‍പ്പെടുന്നു. ‘എ’ (A) ഗ്രേഡ് നേടിയ സെൻട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരില്‍ ബ്രസീലിലെ റോബര്‍ട്ടോ കാംപോസ് നെറ്റോ, ഇസ്രായേലിലെ അമീര്‍ യാറോണ്‍, മൗറീഷ്യസിലെ ഹര്‍വേഷ് കുമാര്‍ സീഗോലം, ന്യൂസിലൻഡിലെ അഡ്രിയാൻ ഓര്‍ എന്നിവരും ഉള്‍പ്പെടുന്നു.
കൊളംബിയയിലെ ലിയോനാര്‍ഡോ വില്ലാര്‍, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഹെക്ടര്‍ വാല്‍ഡെസ് അല്‍ബിസു, ഐസ്‌ലാൻഡിലെ അസ്‌ഗീര്‍ ജോണ്‍സണ്‍, ഇന്തോനേഷ്യയിലെ പെറി വാര്‍ജിയോ എന്നിവരാണ് ‘എ-‘(A-) ഗ്രേഡ് നേടിയ ഗവര്‍ണര്‍മാര്‍.