ശൈത്യം അതിരൂക്ഷമായി തുടരുന്നതിനിടെ രാജ്യതലസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം.
ന്യൂഡല്‍ഹി: ശൈത്യം അതിരൂക്ഷമായി തുടരുന്നതിനിടെ രാജ്യതലസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം.
ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനിലയായ 3.9 ഡിഗ്രി സെല്‍ഷസ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. അതിനിടെ ഡല്‍ഹിയില്‍ പലയിടത്തും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ ഗതാഗതം താറുമാറായി.
മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍നിന്നുള്ള 18 ട്രെയിനുകള്‍ ആറു മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. രാജ്യാന്തര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ വൈകുകയും നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഭാരത് ന്യായ് യാത്രയ്ക്കായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോകാനിരുന്ന വിമാനവും മണിക്കൂറുകളോളം വൈകി. ഡല്‍ഹിക്കുപുറമെ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പുലര്‍ച്ചെ മുതല്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു.
അഞ്ചു ദിവസംകൂടി സ്ഥിതി തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.
ന്യൂഡല്‍ഹി: കല്‍ക്കരി കത്തിച്ച പുക ശ്വസിച്ച് രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഡല്‍ഹി അലിപുരില്‍ തണുപ്പകറ്റാനായി മുറിയില്‍ കത്തിച്ചുവച്ചിരുന്ന കല്‍ക്കരിയില്‍നിന്നുയര്‍ന്ന പുകയാണ് മരണകാരണം. ഡല്‍ഹി ഖേര കലൻ ഗ്രാമത്തില്‍ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആണ്‍മക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണു മരിച്ചത്. ബിഹാര്‍ സ്വദേശിയായ രാകേഷ് ടാങ്കര്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. വാതിലും ജനാലകളും അടച്ചിട്ട് കല്‍ക്കരി കത്തിച്ചശേഷം ഉറങ്ങാൻ പോയതായിരുന്നു. ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നേരത്തേ കല്‍ക്കരി കത്തിച്ച പുക ശ്വസിച്ച് ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ മരിച്ചിരുന്നു.