ന്യൂദല്‍ഹി: ബിഷപ്പ് ഫ്രാങ്കോ കേസിലെ വിധി ഞെട്ടിച്ചെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. അപ്പീലുമായി മുന്‍പോട്ട് പോകണം. നീതി ലഭിക്കും വരെ കമ്മീഷന്‍ കൂടെയുണ്ടാകുമെന്നും രേഖ ശര്‍മ പ്രതികരിച്ചു.കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് കേസില്‍ വിധി പറഞ്ഞത്. ബലാല്‍സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണ് ഹാജരായത്.
2019 ഏപ്രില്‍ നാലിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 സെപ്റ്റംബറിലാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. കേസിലെ 84 സാക്ഷികളില്‍ 39 പേരെ കോടതി വിസ്തരിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക.
പ്രോസിക്യൂഷന്‍ 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഈ മാസം പത്തിനാണ് വിചാരണ പൂര്‍ത്തിയായത്. 2018 ജൂണ്‍ 29നാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസെടുക്കുന്നത്. വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
ഇത് ചോദ്യം ചെയ്ത് പരാതിക്കാരുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ സമരം ആരംഭിക്കുകയും
ഒടുവില്‍ സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 25 ദിവസത്തിനുശേഷം ഒക്ടോബര്‍ 15നാണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിക്കുന്നത്. പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ആ ആവശ്യം തള്ളുകയായിരുന്നു.