കാഞ്ഞിരപ്പിള്ളിയില്‍ മുറിയില്‍ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി. മുറിക്കുള്ളില്‍ കയറാനാകാതെ പരിഭ്രാന്തരായി വീട്ടുകാര്‍, ഒടുവില്‍ രക്ഷകരായി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള വീട്ടുകാര്‍ക്കാണ് 2 വയസുകാരിയായ കുട്ടി എട്ടിന്റെ പണി കൊടുത്തത്. രാത്രി പത്തരയോടെ മുറിയില്‍ കയറി വാതിലടച്ച കുട്ടി മുറി പൂട്ടി കട്ടിലില്‍ കയറിക്കിടന്ന് സുഖമായുറങ്ങുകയായിരുന്നു.
കതക് തുറക്കാനാകാതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തരായത്. രാത്രിയായതും, കര്ട്ടന് മൂലം മുറിയിലെ കാഴ്ചകള്‍ കാണാനാകാതെ വന്നതും വീട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നേരിട്ട് കാഞ്ഞിരപ്പളളിയില്‍ ഫയര്‍ഫോഴ്സ് ഓഫീസിലെത്തി വിവരം ധരിപ്പിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ നൗഫല്‍ പി.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി. ഇതെല്ലാം നടക്കുമ്ബോഴും കുട്ടി പക്ഷേ മുറിയ്ക്കുള്ളില്‍ സുഖമായുറങ്ങുകയായിരുന്നു.
അമ്മ വന്നെടുത്തപ്പോള്‍ മാത്രമാണ് കുട്ടി ഉറക്കമുണര്‍ന്നത്. കഴിഞ്ഞ ദിവസം പാറത്തോട്ടിലും സമാന രീതിയില്‍ രണ്ടര വയസുള്ള കുട്ടി മുറിക്കുള്ളില്‍ കയറി വാതില്‍ പൂട്ടിയിരുന്നു. അന്നും ഫയര്‍ഫോഴ്സ് എത്തി പൂട്ട് പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്.