ഇടപെടാതെ സര്‍ക്കാര്‍, പിടിവിട്ട് അരിവിലയും തടയാന്‍ പണമില്ല , 500 കോടി ആവശ്യപ്പെട്ടു

August 13, 2023
31
Views

സര്‍ക്കാരിന്റെ ഇടപെടല്‍ പാളിയതോടെ ഓണക്കാല വിപണിയില്‍ അരി വിലയും കുത്തനേ ഉയര്‍ന്നു തുടങ്ങി.

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഇടപെടല്‍ പാളിയതോടെ ഓണക്കാല വിപണിയില്‍ അരി വിലയും കുത്തനേ ഉയര്‍ന്നു തുടങ്ങി. പൂഴ്ത്തിവയ്പ്പും വ്യാപകമായി.

സപ്ലൈകോ ഔട്ട്ലെറ്റുകളിലാകട്ടെ അരി സ്റ്രോക്കുമില്ല.

പണം അനുവദിച്ചില്ലെങ്കില്‍ ഓണത്തിന് വൻവിലക്കയറ്റം ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ നേരില്‍ കണ്ട് അറിയിച്ചു. 500 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അടുത്തയാഴ്ച ഓണച്ചന്തകള്‍ തുടങ്ങാനിരിക്കേയാണ് ഈ അവസ്ഥ.

ഓണച്ചന്തകളില്‍ കിലോഗ്രാമിന് 25 രൂപ നിരക്കില്‍ അരി ലഭ്യമാക്കിയാണ് കഴിഞ്ഞതവണ വില പിടിച്ചു നിറുത്തിയത്.

ഒരാഴ്ചയായി അരി വില ഉയരുകയാണ്. മട്ട അരിക്ക് വീണ്ടും 60 രൂപയായി. ജയ കയറ്റുമതി വര്‍ദ്ധിച്ചതോടെ അരി യഥേഷ്ടം ലഭ്യമല്ല. വില കുറവായതിനാല്‍ ഇന്ത്യൻ അരിക്ക് ഡിമാൻഡ് കൂടുതലാണ്. ഇതാണ് നാട്ടിലെ വില വര്‍ദ്ധനയ്ക്ക് കാരണം. പച്ചരിയുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ അരി വില 60 കടന്നിരുന്നു. വിളവെടുപ്പായതോടെ ജൂലായില്‍ വില താഴ്ന്നിരുന്നു.

കടല ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലയും കുതിക്കുകയാണ്. വെള്ളകടല വില 85 രൂപയില്‍ നിന്നു 160ആയി. 60 ആയിരുന്ന ഗ്രീൻപീസ് വില 90ല്‍ എത്തി. 350 വരെ ഉയര്‍ന്ന മുളകിന്റെ വില 260 വരെയായി മൊത്ത വിപണിയില്‍ താഴ്ന്നിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *