ദേശീയപാതാ വികസനത്തില്‍ യുഡിഎഫ് ഭരണകാലത്തുണ്ടായ കെടുകാര്യസ്ഥതയ്ക്ക് കേരളത്തിന് കിട്ടിയ പിഴയാണ് ഭൂമി ഏറ്റെടുക്കാന്‍ നല്‍കേണ്ടി വന്ന 5500 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊല്ലം
ദേശീയപാതാ വികസനത്തില്‍ യുഡിഎഫ് ഭരണകാലത്തുണ്ടായ കെടുകാര്യസ്ഥതയ്ക്ക് കേരളത്തിന് കിട്ടിയ പിഴയാണ് ഭൂമി ഏറ്റെടുക്കാന്‍ നല്‍കേണ്ടി വന്ന 5500 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് എല്‍ഡിഎഫ് കുണ്ടറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാതാ വികസനം ഇനി നടക്കില്ലെന്ന് പലരും ധരിച്ചു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കുന്നതിന്റെ ബാധ്യത സംസ്ഥാനം നിര്‍വഹിക്കണമെന്ന വാദം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒടുവിലുണ്ടായ ഒത്തുതീര്‍പ്പിലാണ് 25 ശതമാനം തുക സംസ്ഥാനം നല്‍കാമെന്ന തീരുമാനത്തില്‍ എത്തിയത്. ചെയ്യേണ്ടത് സമയത്ത് ചെയ്യാത്തതിന്റെ പിഴയാണിത്. ഇപ്പോള്‍ നിര്‍മാണം അതിവേഗത്തിലാണ്. നടക്കില്ലെന്നു പറഞ്ഞ പദ്ധതികളെല്ലാം കേരളം നടപ്പാക്കുകയാണ്. 6500കോടി രൂപ ചെലവഴിച്ചാണ് തീരദേശവികസനം. മലയോര ഹൈവേയ്ക്ക് കിഫ്ബിയിലൂടെ 3500കോടി രൂപ ചെലവഴിച്ചു. കോവളം മുതല്‍ കാസര്‍കോട് ബേപ്പൂര്‍വരെ 600 കിലോമീറ്റര്‍ നീളത്തില്‍ ജലപാത യാഥാര്‍ഥ്യമായി.
ഏതാനും വ്യക്തികളും വിഭാഗങ്ങളും എതിര്‍ത്താല്‍ പദ്ധതികള്‍ വേണ്ടെന്നുവയ്ക്കാന്‍ കഴിയില്ല. വികസനം മുടക്കുന്നവരോട് ഒരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ല. ചില സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെ നഗരവികസനം മാത്രമല്ല ഇവിടെയുള്ളത്. ഗ്രാമവികസനത്തിനും വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 10 ലക്ഷം കുട്ടികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്. കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും. പാവപ്പെട്ടവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ 3.7 ലക്ഷം വീടാണ് കൈമാറിയത്. 2025ല് അതിദാരിദ്ര്യത്തില്‍ നിന്ന് 64,000 കുടുംബങ്ങളെയും മോചിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.