റൊമേനിയ വഴി 470 പേരുടെ സംഘം ഇന്ന് ഇന്ത്യയിലേക്ക്, സംഘത്തിൽ 30 തിലേറെ മലയാളികൾ

February 26, 2022
218
Views

ന്യൂ ഡെൽഹി: യുക്രൈനിലെ ആശങ്കയുടെ തീരത്ത് നിന്ന് റൊമേനിയ വഴി നാട്ടിലേക്ക് മടങ്ങുകയാണ് മുപ്പതിലധികം മലയാളികൾ അടക്കമുള്ള ഇന്ത്യൻ സംഘം. റൊമേനിയ അതിർത്തി കടന്ന മലയാളിവിദ്യാർത്ഥികൾ അടക്കമുള്ള സംഘം ഇന്ന് വൈകിട്ടോടെ മുംബൈലേക്ക് തിരിക്കും. 470 പേരുടെ സംഘത്തെയാണ് റുമേനിയ വഴി ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത്.

ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. മടക്കയാത്രക്കുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാർത്ഥികളും എംബസി അധികൃതരും അറിയിച്ചു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും. റൊമേനിയൻ അതിർത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തിൽ എത്തിക്കും. ഡെൽഹിയിൽ നിന്നും രണ്ടാം വിമാനവും ഇന്ന് ബുക്കാറെസ്റ്റിലേക്ക് എത്തും. ഹംഗറിലേക്കും ഇന്ന് വിമാനമുണ്ട്.

അതെസമയം പോളണ്ട് അതിർത്തിയിൽ എത്തിയ മലയാളി വിദ്യാർത്ഥികൾ ദൂരിതത്തിലാണ്. കിലോമീറ്ററുകളോളം നടന്ന് അതിർത്തിയിൽ എത്തിയിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യമാണുള്ളത്. ഇവരെ അതിർത്തികടത്താനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന എംബസി വ്യക്തമാക്കി. മൂൻകൂട്ടി അറിയിക്കാതെ അതിർത്തികളിൽ എത്തരുതെന്നും കിഴക്കൻ മേഖലകളിൽ അടക്കമുള്ളവർ അവിടെ തന്നെ തുടരാനും എംബസി അധികൃതർ നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ ഒന്നിച്ച് പോളണ്ട് അതിർത്തിയിൽ എത്തുന്നത് ഒഴിവാക്കണം. നിലവിൽ രണ്ടു പോയിൻറുകൾ വഴി മാത്രമാണ് ഇന്ത്യക്കാരെ കടത്തി വിടുന്നത്. ആ പോയിന്റുകളിലേക്ക് എത്താൻ ശ്രമിക്കണം. രാത്രിയിലെ യാത്ര ഒഴിവാക്കണം. സുരക്ഷിതമെങ്കിൽ തൽക്കാലം താമസസ്ഥലങ്ങളിൽ തുടരണമെന്നും എംബസി നിർദ്ദേശിക്കുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *