യുക്രൈൻ-റഷ്യ യുദ്ധത്തിനിടെ നിർണായക നീക്കവുമായി ബെലാറസ്. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കി. ഇതോടെ റഷ്യൻ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിക്കാനുള്ള തടസം നീങ്ങി. യുക്രൈനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന വഌദിമിർ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം.അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ.
അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്.പാശ്ചാത്യ രാജ്യങ്ങൾ ഒന്നടങ്കം യുക്രൈൻ ആക്രമിച്ച റഷ്യൻ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാൻ പുടിൻ നിർദേശം നൽകിയത്. അതേസമയം, പുടിന്റെ പരാമർശത്തിൽ അമേരിക്ക ശക്തമായ വിദ്വേഷം രേഖപ്പെടുത്തി.