യുക്രൈൻ വിഷയം; നിലപാട് ആവർത്തിച്ച് ഇന്ത്യ; വോട്ടെടുപ്പിൽ വിട്ടുനിന്നു

February 28, 2022
91
Views

യുക്രൈൻ വിഷയത്തിൽ യുഎൻ പൊതുസഭയിലും ഇന്ത്യൻ നിലപാടിൽ മാറ്റമില്ല. അടിയന്തര പൊതുസഭ ചേരണമെന്ന രക്ഷാസമിതി വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു. പതിനൊന്ന് രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു.

1982ന് ശേഷം ആദ്യമായാണ് യുഎൻ അടിയന്തര പൊതുസഭ ചേരുന്നത്. ഇന്ന് രാത്രി 9.30നാണ് പൊതുസഭ ചേരുന്നത്. യുക്രൈനെ യുദ്ധഭൂമിയാക്കി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിലാണ് അപൂർവമായി മാത്രം നടക്കാറുള്ള അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തിൽ ചർച്ച ചെയ്യും.

പതിനഞ്ചംഗ സുരക്ഷാ കൗൺസിൽ അംഗങ്ങളിൽ 11 പേർ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തിരുന്നു. 1956 മുതലുള്ള ചരിത്രത്തിലെ 11ാമത് അടിയന്തര യോഗമാണ് ഇന്ന് രാത്രി നടക്കുന്നത്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് 193 അംഗങ്ങളുമായി വിശദമായി ചർച്ച ചെയ്ത് സുപ്രധാന നടപടികൾ കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം. കിഴക്കൻ ജെറുസലേമിൽ ഇസ്രയേൽ ഹൗസിംഗ് സെറ്റിൽമെന്റ് ഉണ്ടാക്കിയ പശ്ചാത്തലത്തിൽ 1997ലാണ് ഇതിന് മുൻപ് യുഎൻ അടിയന്തരയോഗം ചേർന്നിട്ടുള്ളത്.

റഷ്യയ്‌ക്കെതിരായ ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന് ഇന്ത്യയും ചൈനയും യുഎഇയും പിന്തുണ അറിയിച്ചിരുന്നില്ല. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ 64 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ ഇന്നലെ അറിയിച്ചിരുന്നു. യുക്രൈനിലെ സാധാരണക്കാരായ 240 പേർക്ക് ഗുരുതരമായ പരുക്ക് പറ്റിയെന്നും ഇതിൽ 64 പേർ കൊല്ലപ്പെട്ടെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ പുറത്തുവിടുന്നതെന്നും മരണപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നതാകാൻ സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.

ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് കോർഡിനേഷൻ വിഭാഗമാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ വൈകീട്ട് വരെയുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കുകളാണ് ഇത്. പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ റഷ്യ അധിനിവേശം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര സമൂഹത്തിനാകെയുള്ളത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *