മധ്യപ്രദേശ്​ മന്ത്രിയുടെ ഭീഷണി; ‘മംഗള്‍സൂത്ര’ വിവാദ പരസ്യം സബ്യസാചി പിന്‍വലിച്ചു

November 1, 2021
149
Views

ന്യൂഡല്‍ഹി: മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ മുന്നറിയിപ്പിന്​ പിന്നാലെ സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജി മംഗള്‍സൂത്ര കളക്ഷന്‍റെ വിവാദ പരസ്യം പിന്‍വലിച്ചു.

മോഡലുകള്‍ അര്‍ധ നഗ്​നരായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ്​ താലിമാലയുടെ​ പരസ്യം വിവാദത്തിലായത്​. ഇതോടെയാണ്​ 24 മണിക്കൂറിനകം പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയത്​.

ശാക്​തീകരണവും അംഗീകാരവുമാണ്​ ലക്ഷ്യമിട്ടിര​ുന്നതെന്നും എന്നാല്‍ പരസ്യം സമൂഹത്തിലെ ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തിയതില്‍ അതിയായ ദുഃഖമുണ്ടെന്നും​ സാമൂഹിക മാധ്യമങ്ങളില്‍ വിശദീകരണം നല്‍കിയാണ്​ സബ്യസാചി പരസ്യം പിന്‍വലിച്ചത്​.

‘ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ മംഗള്‍സൂത്ര പരസ്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വേദനാജനകവുമാണ്. 24 മണിക്കൂറിനുള്ളില്‍ ആക്ഷേപകരമായ പരസ്യം നീക്കം ചെയ്തില്ലെങ്കില്‍, അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’ -ഇ​ങ്ങനെയായിരുന്നു മിശ്ര ഞായറാഴ്ച ട്വീറ്ററിലൂടെ മുന്നറിയിപ്പ്​ നല്‍കിയത്​.

മംഗള്‍സൂത്ര ഡിസൈനിന്‍റെ പ്രചാരണത്തിന്​ ഉപയോഗിച്ച ഫോട്ടോഷൂട്ടിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. താലി ധരിച്ചുകൊണ്ട് മോഡലുകള്‍ അര്‍ധനഗ്​നരായി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതാണ്​ വിവാദമാകാന്‍ കാരണം. പരസ്യത്തില്‍ മംഗള്‍സൂത്രം ഉപയോഗിച്ചതിന്​ ബി.ജെ.പിയുടെ നിയമകാര്യ ഉപദേഷ്ടാവ്​ സബ്യസാചി മുഖര്‍ജിക്കെതിരെ നോട്ടീസ് നല്‍കിയിരുന്നു.

കറുത്ത നിറത്തിലുള്ള അടിവസ്​ത്രം ധരിച്ച മോഡല്‍ മംഗള്‍സൂത്രം അണിഞ്ഞ്​ പുരുഷ മോഡലിനോട് അടുത്തിടപഴകി​ എടുത്ത ഫോട്ടോയാണ് വിവാദത്തിന് തിരികൊളുത്തിയത്​. ഇത് ഹൈന്ദവ സമൂഹത്തെയും ഹിന്ദു വിവാഹങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നായിരുന്നു ​പ്രധാന വിമര്‍ശനം.

കറുത്ത ഒാനിക്സും പേളും 18 കാരറ്റ് സ്വര്‍ണവും ചേര്‍ത്താണ് മംഗള്‍സൂത്രം നിര്‍മിച്ചത്​. 1,65,000 രൂപയാണ് ഇതിന്‍റെ വില.

Article Categories:
Business News · Entertainments

Leave a Reply

Your email address will not be published. Required fields are marked *