മലപ്പുറം: ഹരിത വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പാണക്കാട് സാദിഖലി തങ്ങള്‍ . മുസ്ലീം ലീഗ് ലിംഗ വിവേചനം നടത്തുന്ന പാര്‍ട്ടിയല്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കും. ഹരിതയ്ക്കെതിരായ മുസ്ലിംലീഗ് നടപടി ഭരണപക്ഷം നിയമസഭയില്‍ ഉന്നയിച്ചതിനെതിരെയാണ് സാദിഖലി തങ്ങള്‍ രംഗത്തെത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് ഹരിത വിഷയം ഭരണപക്ഷം ചോദ്യോത്തര വേളയില്‍ ഉന്നയിച്ചത്.
തദ്ദേശ സ്ഥാപനങ്ങളില്‍ ലീഗിന് രണ്ടായിരത്തില്‍ അധികം വനിതാ പ്രതിനിധികളുണ്ട്. ഹരിതക്ക് പുതിയ കമ്മിറ്റിയെ കൊണ്ട് വരികയാണ് ചെയ്തത്. പിന്നെ എവിടെയാണ് ലിംഗ വിവേചനമെന്ന് സാദിഖലി തങ്ങള്‍ ചോദിച്ചു. നിയമസഭയിലെ വിവാദങ്ങള്‍ക്ക് നിയമസഭയില്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിതക്കെതിരായ നടപടി സമൂഹത്തിന് നല്‍കിയത് തെറ്റായ സന്ദേശമെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‍നം ചോദ്യോത്തരവേളയില്‍ ഉന്നയിക്കുന്നത് ദുരുദ്ദേശത്തോടെയെന്ന് പ്രതിപക്ഷം പറഞ്ഞു.