ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസ്: സമീർ വാംഖഡെയ്ക്കെതിരെ 18 കോടി രൂപ കൈക്കൂലി ആരോപണം

October 24, 2021
315
Views

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ വൻ ട്വിസ്റ്റ്. കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി. സോണൽ ഡയറക്ടർ സമീർ വാംഖഡെ, കേസിലെ സാക്ഷിയായ കെ.പി. ഗോസാവി തുടങ്ങിയവർ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ച് സാക്ഷികളിലൊരാളായ പ്രഭാകർ സെയിൽ രംഗത്തെത്തി. ഇവർക്കിടയിൽ നടന്ന 18 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് തനിക്കറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രഭാകർ സെയിൽ ഞായറാഴ്ച ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് എൻ.സി.ബിക്കെതിരായ വെളിപ്പെടുത്തലുകൾ വിശദീകരിച്ചിരിക്കുന്നത്. കേസിൽ സാക്ഷിപ്പട്ടികയിലുള്ള കെ.പി. ഗോസാവിയുടെ ബോഡിഗാർഡാണ് പ്രഭാകർ. നേരത്തെ ആഡംബര കപ്പലിലെ ഗോസാവിയുടെ സാന്നിധ്യം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലഹരിമരുന്ന് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മിൽ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതിനെ സംബന്ധിച്ച് താൻ കേട്ടിരുന്നു. ഇതിൽ എട്ട് കോടി രൂപ സമീർ വാംഖഡെയ്ക്ക് നൽകണമെന്നാണ് പറഞ്ഞിരുന്നത്. ഗോസാവിയിൽനിന്ന് പണം വാങ്ങി താൻ സാം ഡിസൂസ എന്നയാൾക്ക് കൈമാറിയിട്ടുണ്ടെന്നും പ്രഭാകറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിൽ തന്റെ ജീവനിൽ ഭയമുള്ളതിനാലാണ് ഇത്തരമൊരു സത്യവാങ്മൂലം ഫയൽ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗോസാവിയെ കാണാതായതിന് പിന്നാലെ സമീർ വാംഖഡെയിൽനിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകറിന്റെ വാദം. മാത്രമല്ല, ആഡംബര കപ്പലിൽ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങൾക്കാണ് താൻ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഗോസാവിക്കൊപ്പമാണ് റെയ്ഡ് നടന്ന ദിവസം താൻ കപ്പലിൽ പോയത്. റെയ്ഡ് നടന്നതിന് പിന്നാലെ ചില വെള്ളക്കടലാസുകളിൽ തന്നോട് ഒപ്പിടാൻ പറഞ്ഞു. എന്നാൽ ലഹരിമരുന്ന് പിടിച്ചെടുത്തതോ മറ്റോ താൻ അറിഞ്ഞിരുന്നില്ലെന്നും പ്രഭാകർ വെളിപ്പെടുത്തി. റെയ്ഡിനിടെ കപ്പലിൽനിന്നുള്ള ചില ദൃശ്യങ്ങൾ താൻ പകർത്തിയിരുന്നു. ഇതിലൊന്നിൽ ഗോസാവി ആര്യനെ ഫോൺ ചെയ്യാൻ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകർ പറഞ്ഞു.

അതേസമയം, എൻ.സി.ബി. സോണൽ ഡയറക്ടറായ സമീർ വാംഖഡെ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. കേസിൽ തെറ്റായ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ ഉന്നയിച്ചവർക്ക് ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രഭാകറിന്റെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും എൻ.സി.ബി.യിലെ മറ്റ് ഉദ്യോഗസ്ഥരും തള്ളിക്കളഞ്ഞു. കേസ് ഒതുക്കിതീർക്കാൻ പണം കൈമാറിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് പ്രതികൾ ജയിലിൽ കിടക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രഭാകർ ഉന്നയിച്ചിട്ടുള്ളതെന്നും എൻ.സി.ബി. വൃത്തങ്ങൾ പ്രതികരിച്ചു.

ഇത് അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമങ്ങളാണ്. പ്രഭാകറിനെ കപ്പലിൽവെച്ചാണ് ആദ്യമായി കാണുന്നതെന്നും ഇയാൾ ആരാണെന്ന് അറിയില്ലെന്നും എൻ.സി.ബി. ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രഭാകറിന്റെ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാമെന്നും അങ്ങനെയാണെങ്കിൽ അന്വേഷണ ഏജൻസിയുടെ പ്രതികരണം കോടതിയെ അറിയിക്കാമെന്നും എൻ.സി.ബി. വൃത്തങ്ങൾ പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *