കോവിഡ് രൂക്ഷമായ കാലത്ത് ഹാൻഡ് സാനിറ്റൈസറുകള്‍ അവശ്യ വസ്തുക്കളിലൊന്നായിരുന്നു. കൊറോണ വൈറസിനെതിരെ പോരാടാനും ജീവൻ രക്ഷിക്കാനുമുള്ള ഉപകരണമായി ഇത് മാറി.ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗത്തിലും വില്‍പ്പനയിലും പെട്ടെന്നുള്ള കുതിച്ചുചാട്ടം പ്രകടമായിരുന്നു. ഇന്ന് കോവിഡ് ഭീതി കുറഞ്ഞെങ്കിലും ഇടയ്ക്കിടെ ഹാൻഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്ന ശീലം അവശേഷിക്കുന്നു.
ഇതിനിടെ, സാധാരണ ഗാർഹിക അണുനാശിനികള്‍, ഫർണിച്ചറുകള്‍, ഹാൻഡ് സാനിറ്റൈസറുകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തലച്ചോറിൻ്റ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നുവെന്ന് മനുഷ്യകോശങ്ങളെയും എലികളെയും അടിസ്ഥാനമാക്കിയുള്ള പുതിയ പഠനം കണ്ടെത്തി. പ്രത്യേകിച്ച് തലച്ചോറിന്റെ വളർച്ചയുടെ സുപ്രധാന ഘട്ടങ്ങളിലാണ് ഇത് സംഭവിക്കുന്നത്.
ഒഹായോസ് കേസ് വെസ്റ്റേണ്‍ റിസർവ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ ബയോളജിസ്റ്റ് എറിൻ കോണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 1,823 സംയുക്തങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ ഈ രാസവസ്തുക്കള്‍ ഒലിഗോഡെൻഡ്രോസൈറ്റുകള്‍ (Oligodendrocytes) എന്ന മസ്തിഷ്ക കോശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഒലിഗോഡെൻഡ്രോസൈറ്റുകളുടെ വളർച്ചയെ തടയുകയോ അല്ലെങ്കില്‍ അവയെ നശിപ്പിക്കാൻ തുടങ്ങുകയോ ചെയ്യുന്നുവെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.
നാഡീവ്യൂഹങ്ങളുടെ പ്രവർത്തനത്തില്‍ സഹായിക്കുന്ന കോശമാണ് ഒലിഗോഡെൻഡ്രോസൈറ്റുകള്‍. ഇവ മസ്തിഷ്ക സിഗ്നലുകള്‍ വേഗതയില്‍ നീങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു. ഇതിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് (MS) പോലുള്ള മറ്റ് നാഡീ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു.
ഗവേഷണത്തില്‍ തിരിച്ചറിഞ്ഞ ക്വാട്ടേണറി രാസവസ്തുക്കള്‍ ചർമ്മത്തിലൂടെ തലച്ചോറിലെത്തുന്നു, കീടനാശിനി സ്പ്രേകളിലും വൈപ്പുകള്‍, ഹാൻഡ് സാനിറ്റൈസറുകള്‍, ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് എന്നിവയില്‍ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഇവ ഉപയോഗിക്കുന്നു. ഉപയോക്താക്കള്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്ബോള്‍, രാസവസ്തുക്കള്‍ കഴിക്കുകയോ ശ്വസിക്കുകയോ ചെയ്യാം.
തിരിച്ചറിഞ്ഞ മറ്റൊരു രാസവസ്തു ഓർഗാനോഫോസ്ഫേറ്റുകളാണ്. ഈ രാസവസ്തുക്കള്‍ സാധാരണയായി തുണിത്തരങ്ങള്‍, പശകള്‍, ഇലക്‌ട്രോണിക്സ്, ഫർണിച്ചറുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നു. കൊഴുപ്പുമായി ലയിക്കുന്നതിനാല്‍ ഓർഗാനോഫോസ്ഫേറ്റുകള്‍ നിങ്ങളുടെ ചർമ്മത്തിലൂടെ തലച്ചോറിലെത്തുന്നു.
ഗവേഷണത്തില്‍ ഓർഗാനോഫോസ്ഫേറ്റ് രാസവസ്തുക്കള്‍ എലികളില്‍ പ്രയോഗിച്ചു. ഇതിന് ശേഷം അവയുടെ തലച്ചോറിലെ കോശങ്ങളിലെ ഈ രാസവസ്തുവിൻ്റെ അളവ് പരിശോധിച്ചു. ഇവ മസ്തിഷ്ക കോശങ്ങളില്‍ എത്തിയതായി ഗവേഷണം കണ്ടെത്തി. സെറ്റില്‍പിരിഡിനിയം ക്ലോറൈഡ് എന്നറിയപ്പെടുന്ന ഒരു തരം ക്വാട്ടർനറി സംയുക്തത്തിൻ്റെ 10 ഡോസുകള്‍ ദിവസേന നല്‍കിയതിന് ശേഷം എലിയുടെ തലച്ചോറില്‍ ഒലിഗോഡെൻഡ്രോസൈറ്റുകളുടെ എണ്ണം കുറവാണെന്നും കണ്ടെത്തി. മസ്തിഷ്ക വികസനത്തിൻ്റെ പ്രധാന കാലഘട്ടത്തിലാണ് ഇത് നല്‍കിയത്.