സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവം ; മലയാളിയായ പ്രിന്‍സിപ്പല്‍ ഒളിവില്‍

January 26, 2024
9
Views

ബംഗളുരുവിലെ ദില്ലി പബ്ലിക് സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത.

മലയാളിയായ ജിയന്ന ആന്‍ ജിറ്റോ ആണ് മരിച്ചത്. കുഞ്ഞിന് അപകടം പറ്റിയതെങ്ങനെ എന്നതിലാണ് ഇപ്പോഴും വ്യക്തത ലഭിക്കാത്തത്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്‌കൂള്‍ അധികൃതര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് കുഞ്ഞിന്റെ അച്ഛനമ്മമാര്‍ ആരോപിക്കുന്നത്. മലയാളിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇപ്പോഴും ഒളിവിലാണ്. ചെല്ലകെരെയില്‍ ഉള്ള ഡിപിഎസ്സിലെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു ജിയന്ന ആന്‍ ജിറ്റോ എന്ന നാല് വയസുകാരി.
ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ് ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വിളിച്ചു വരുത്തിയത്. തൊട്ടടുത്ത ചെറിയ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം കൊണ്ടുപോയത്. അവിടെയെത്തിയപ്പോള്‍ കുഞ്ഞിന് ഗുരുതര പരിക്കുണ്ടെന്ന് കണ്ട അച്ഛനമ്മമാരാണ് ബെംഗളുരുവിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് കുട്ടിയെ മാറ്റിയത്. കുഞ്ഞിന് അപകടം പറ്റിയത് എങ്ങനെ എന്നതില്‍ സര്‍വത്ര ദുരൂഹതയെന്ന് അച്ഛനമ്മമാര്‍ പറയുന്നു. വിദഗ്ധ ചികിത്സ നല്‍കാന്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.
കുഞ്ഞിനെ നോക്കാന്‍ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്ന് അച്ഛനമ്മമാര്‍ പറയുന്നു. അവര്‍ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാര്‍ ആരോപിക്കുന്നു. ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസില്‍ എത്തി എന്നതും അവിടെ നിന്ന് താഴേയ്ക്ക് വീണു എന്നതും ദുരൂഹമാണ്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ മലയാളിയായ പ്രിന്‍സിപ്പല്‍ തോമസ് ചെറിയാന്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛനമ്മമാര്‍ ആരോപിക്കുന്നുണ്ട്. സംഭവത്തല്‍ ചെല്ലകെരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *