തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതയിൽ കള്ളം പറഞ്ഞെന്ന് വ്യക്തമായ സാഹചര്യത്തിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ രാജിവെക്കണമെന്ന് ലോകായുക്തയിലെ പരാതിക്കാരി അഖിലാ ഖാൻ. യോഗ്യതകൾ തെറ്റാണെന്നും ഷാഹിദ തന്നെ സമ്മതിച്ചിരിക്കുകയാണെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അഖിലാ ഖാൻ പറഞ്ഞു.
രണ്ടു തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും നൽകിയ ബികോ ബിരുദം കളവാണെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയ്ക്ക് നൽകിയ വിശദീകരണത്തിലുള്ളത്. വിയറ്റ്നാം യൂണിവേഴ്സിറ്റിൽ നിന്നും സ്ത്രീശാക്തീകരണത്തിൽ ഡോക്ടേറ്റുണ്ടെന്ന മുൻ നിലപാട് തിരുത്തിയ ഷാഹിദ, ഡോക്ടറേറ്റ് കസാഖിസ്ഥനിൽ നിന്നാണെന്നും മറുപടി നൽകി. പുതിയ വിശദീകരണം മാത്രം കൊണ്ട് ഷാഹിദ സ്ഥാനത്ത് തുടരാൻ യോഗ്യയല്ലെന്ന് ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്ത ലോകായുക്തയെ സമീപിച്ച അഖിലാ ഖാൻ വ്യക്തമാക്കി.
വിദ്യാഭ്യാസ യോഗ്യത പരാതിയിൽ ഇടപെടാൻ ലോകായുക്തക്ക് അധികാരമില്ലെന്ന ഷാഹിദയുടെ വാദവും പരാതിക്കാരി തള്ളുന്നു. നീതിനേടി വനിതാ കമ്മീഷനെ സമീപിച്ചപ്പോള്‍ ഷാഹിദയിൽ നിന്നും നീതി ലഭിക്കാത്ത ഒരാളെന്ന നിലയിലാണ് ലോകായുക്തയെ സമീപിച്ചതെന്നും അഖില പറയുന്നു. ഈ മാസം 25നാണ് ലോകായുക്ത കേസ് പരിഗണിക്കുന്നത്.