25 സെന്റ് വരെയുള്ള നെല്‍വയല്‍ തരംമാറ്റാന്‍ ആരും ഫീസ് നല്‍കേണ്ട; ഹൈക്കോടതി

November 9, 2021
176
Views

കൊച്ചി: ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത 25 സെന്റ് വരെയുള്ള നെല്‍വയല്‍ പുരയിടമാക്കി തരംമാറ്റാന്‍ ഫീസ് നല്‍കേണ്ടെന്ന് ഹൈക്കോടതി.

2021 ഫെബ്രുവരി 25-നുശേഷം നല്‍കിയ അപേക്ഷകള്‍ക്കുമാത്രം ബാധകമാക്കിയ സര്‍ക്കാര്‍ സര്‍ക്കുലര്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിധിച്ച ഹൈക്കോടതി 25 സെന്റ് വരെയുള്ള നെല്‍വയല്‍ തരംമാറ്റാന്‍ ആരും ഫീസ് നല്‍കേണ്ടെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഡേറ്റ ബാങ്കില്‍ വിജ്ഞാപനംചെയ്തിട്ടില്ലാത്ത നെല്‍വയല്‍ പുരയിടമാക്കിമാറ്റാനും മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനുമുള്ള അപേക്ഷകളില്‍ സര്‍ക്കാര്‍ വിവേചനം കാട്ടുന്നെന്നാരോപിച്ച്‌ എറണാകുളം സ്വദേശി എം.കെ. ബേബി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. 25 സെന്റ് വരെയുള്ള നെല്‍വയല്‍ നികത്താന്‍ അനുമതി തേടുന്നവരെ അപേക്ഷനല്‍കിയ തീയതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് അന്യായവും സേച്ഛാപരവുമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തരംമാറ്റാന്‍ ഫീസ് അടയ്ക്കാന്‍ ഹര്‍ജിക്കാര്‍ നേരത്തേ നല്‍കിയ അപേക്ഷകള്‍ കട്ട് ഓഫ് തീയതി കണക്കിലെടുക്കാതെ പരിഗണിച്ച്‌ രണ്ടുമാസത്തിനകം തീര്‍പ്പാക്കാനും നിര്‍ദേശിച്ചു. ഇതോടെ ഫെബ്രുവരി 25-നുമുമ്ബ് അപേക്ഷ നല്‍കിയവര്‍ക്കും സമാനമായി ഫീസ് നല്‍കേണ്ടതില്ല.

2008-ലെ നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ നിയമപ്രകാരമുള്ള ഡേറ്റ ബാങ്കില്‍ നിലമെന്നോ തണ്ണീര്‍ത്തടമെന്നോ രേഖപ്പെടുത്താത്ത ഭൂമി നികത്താനും തരംമാറ്റി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനും സര്‍ക്കാര്‍ നിശ്ചിത ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് 25 സെന്റ് വരെയുള്ള നിലം പുരയിടമാക്കി തരംമാറ്റുന്നതിന് ഫീസ് വേണ്ടെന്ന് വ്യക്തമാക്കി 2021 ഫെബ്രുവരി 25-ന് ഉത്തരവിറക്കി.

ഇതിനുപിന്നാലെ ഫെബ്രുവരി 25-നോ അതിനുശേഷമോ നിലം നികത്താന്‍ അനുമതി തേടുന്നവര്‍ക്കുമാത്രമാണ് ഇതുബാധകമെന്നും നേരത്തേ അപേക്ഷ നല്‍കിയവര്‍ക്ക് ബാധകമല്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ജൂലായ് 23-നു സര്‍ക്കുലറും ഇറക്കി. ഫെബ്രുവരി 25-നുമുമ്ബ് അപേക്ഷ നല്‍കിയവര്‍ക്ക് അതുപിന്‍വലിച്ച്‌ പുതിയ അപേക്ഷ നല്‍കാന്‍ അനുവാദം നല്‍കേണ്ടെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യംചെയ്തത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *