ആലപ്പുഴ: എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയെ ശാഖ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ പുറക്കാട് ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടിൽ രാജു (64) ആണ് ആത്മഹത്യ ചെയ്തത്. സത്യസന്ധമായി പ്രവർത്തിച്ചിട്ടും തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പോലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ രാജു പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് രാജുവിനെ ഓഫീസിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാത്രി വൈകിയിട്ടും വീട്ടിലെത്താതിരുന്നതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചെത്തിയത്.
എസ്.എൻ.ഡി.പിയുടെ വലിയ ശാഖകളിൽ ഒന്നാണ് പുറക്കാട് ഉള്ളത്. അയ്യായിരത്തിൽ അധികം അംഗങ്ങളുള്ള ശാഖയുടെ കീഴിൽ സ്വന്തമായി സ്കൂളും അമ്പലവും ഉണ്ട്. സംഘടനാ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സത്യസന്ധമായി പ്രവർത്തിച്ചിരുന്നതുകൊണ്ട് തന്നെ രാജുവിനെതിരെ ഒരു സംഘം പ്രവർത്തിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ രാജുവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് പോലീസിൽ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പറയുന്നു.
ഇത് തന്റെ വിധിയാണെന്ന് ആത്മഹത്യാക്കുറിപ്പിൽ രാജു എഴുതിയിട്ടുണ്ട്. സത്യസന്ധമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും തന്നെ തകർക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നുവെന്നും പിടിച്ചുനിൽക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുംപോകും. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.