സോളാർ അപകീർത്തി കേസ്; ഉമ്മൻ ചാണ്ടിക്ക് വി.എസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ

February 14, 2022
205
Views

സോളാർ അപകീർത്തി കേസിൽ വിഎസ് അച്യുതാനന്ദന് എതിരെയുള്ള സബ് കോടതി ഉത്തരവിന് സ്റ്റേ. സോളാർ മാനനഷ്ട കേസിൽ ഉമ്മൻചാണ്ടിക്ക് വിഎസ് അച്യുതാനന്ദൻ പത്ത് ലക്ഷം രൂപ നൽകണമെന്ന സബ് കോടതി ഉത്തരവാണ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തത്. വിഎസ് അച്യുതാനന്ദൻ നൽകിയ ഹർജിയിലാണ് നടപടി. കേസ് 23 ന് കോടതി വിശദമായി പരിഗണിക്കും.

സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടിക്ക് നൽകണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്റെ അഭിഭാഷകൻ അറിയിച്ചു. കേസിൽ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് അദ്ദേഹം അന്ന് വെക്തമാക്കിയിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *