കണ്ണൂർ ബോംബാക്രമണം; ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

February 14, 2022
101
Views

കണ്ണൂർ തോട്ടടയിലെ ബോംബേറിൽ പ്രധാന പ്രതി അറസ്റ്റിൽ. ഏച്ചൂർ സ്വദേശി അക്ഷയ്‌യുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ബോംബെറിഞ്ഞത് ഏച്ചൂർ സ്വദേശി മിഥുനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണുവിനും സുഹൃത്തുക്കളായ മിഥുനും അക്ഷയ്‌ക്കും ബോംബിനെക്കുറിച്ച് അറിയാമായിരുന്നു. ഒളിവിൽ പോയ മിഥുനായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണെന്നും മൃതദേഹം മാറ്റുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ണൂർ എസ് പി പ്രതികരിച്ചു.

അതേസമയം വിവാഹസംഘം വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പിന്നിൽ നിന്ന് ബോംബെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട് പറഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണു എത്തിയത് ബേംബെറിഞ്ഞ സംഘത്തിനെപ്പമായിരുന്നു. പതിനേഴോളം പേർ വരുന്ന സംഘമെത്തിയത് ഒരേ വാഹനത്തിലാണെന്നും ദൃക്‌സാക്ഷി പറഞ്ഞു. ബോംബേറ് നടന്ന സമയത്തെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. വിവാഹത്തലേന്ന് ചേരിതിരിഞ്ഞ് തർക്കമുണ്ടായെന്നാണ് വിവരം. പാട്ടിനെയും, നൃത്തത്തെച്ചൊല്ലിയുമായിരുന്നു തർക്കം. പിറ്റേന്ന് ആസൂത്രിതമായി ബോംബുമായെത്തി.കഴിഞ്ഞ ദിവസം ഉച്ചക്കാണ് കണ്ണൂർ തോട്ടടയിൽ റോഡിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ മൃതദേഹം മാറ്റുന്നതിനെ ചൊല്ലി സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കവുമുണ്ടായിരുന്നു. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉണ്ടായത്. പൊലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണമായത്. കോൺഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിപിഐഎം പ്രവർത്തകർ ഇതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് ഇരുഭാഗത്തുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡിൽ കിടന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *