അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സൗദി

June 18, 2023
42
Views

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സൗദി

റിയാദ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സൗദി ബഹിരാകാശ യാത്രികരായ റയാന അല്‍ ബര്‍നവി, അലി അല്‍ ഖര്‍നി, മര്‍യം ഫിര്‍ദൗസ്, അലി അല്‍ ഗംദി എന്നിവര്‍ ശനിയാഴ്ച രാവിലെ റിയാദില്‍ വിമാനമിറങ്ങി.

ഭൂമിയെ പരിക്രമണം ചെയ്യുന്ന ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ അറബ് വനിതയെന്ന നേട്ടം കരസ്ഥമാക്കിയ റയാന അല്‍ ബര്‍നവിയും കൂടെ അലി അല്‍ ഖര്‍നിയും എട്ട് ദിവസം സഹതാമസക്കാരോടൊപ്പം വാനലോകത്ത് കഴിഞ്ഞ ശേഷം മെയ് 31 നാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. ബഹിരാകാശ നിലയത്തില്‍ മൈക്രോ ഗ്രാവിറ്റിയെക്കുറിച്ച്‌ 14 ഗവേഷണങ്ങളാണ് ഇരുവരും നടത്തിയത്. അതില്‍ മൂന്നെണ്ണം സൗദിയിലെ 47 പ്രദേശങ്ങളില്‍ നിന്നുള്ള 12,000 സ്‌കൂള്‍ വിദ്യാര്‍ഥികളെ സാറ്റലൈറ്റ് വഴി പങ്കെടുപ്പിച്ചുകൊണ്ടുള്ള പട്ടം പറത്തല്‍ പരീക്ഷണങ്ങളായിരുന്നു.

നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഇവര്‍ ഉള്‍പ്പെടുന്ന സംഘം യാത്ര ചെയ്തത്. ‘സ്‌പേസ് എക്‌സ്’ നിര്‍മിച്ച ‘ഫാല്‍ക്കണ്‍-9’ ബഹിരാകാശ പേടകമാണ് റയാനയെയും അല്‍ ഖര്‍നിയെയും വഹിച്ച്‌ യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചത്. മുൻ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണും അമേരിക്കൻ സംരംഭകൻ ജോണ്‍ ഷോഫ്നറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അമേരിക്കയില്‍ ഒരു വര്‍ഷത്തോളം നീണ്ട പരീക്ഷണത്തിനൊടുവിലാണ് റയാനയും അലിയും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്.

ശനിയാഴ്ച രാവിലെ സൗദി എയര്‍ലൈൻസ് വിമാനത്തില്‍ കിങ് ഖാലിദ് വിമാനത്താവളത്തിലിറങ്ങിയ സംഘത്തെ കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫര്‍മേഷൻ ടെക്‌നോളജി മന്ത്രിയും സൗദി ബഹിരാകാശ ഏജൻസി (എസ്.എസ്.എ) ചെയര്‍മാനുമായ ഡോ. അബ്ദുല്ല അല്‍ സവാഹ, എസ്.എസ്.എ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഫയാദ് അല്‍ റുവൈലി, കിംങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയൻസ് ആൻഡ് ടെക്‌നോളജി പ്രസിഡന്റ് ഡോ. മുനീര്‍ അല്‍ ദുസൂക്കി, എസ്.എസ്.എ വൈസ് ചെയര്‍മാൻ ഡോ. മുഹമ്മദ് അല്‍ തമീമി, കിംങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രി സി.ഇ.ഒ മാജിദ് അല്‍ ഫയാദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തിങ്കള്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നടക്കുന്ന ‘റിയാദ് എക്‌സ്‌പോ 2030’ പ്രദര്‍ശനത്തില്‍ റയാന അല്‍ ബര്‍നവി, അലി അല്‍ ഖര്‍നിയും പങ്കെടുക്കുന്നുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിൻ സല്‍മാന്റെ സാന്നിധ്യത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 179 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *