ഒരു വിനോദത്തിനും സമ്മതിക്കില്ലേ ഇവര്‍, എന്തിനാണ് രാത്രി കര്‍ഫ്യൂ?: ഡി.ജെ പാര്‍ട്ടി നിരോധിച്ചതിനെതിരെ ശ്രീലക്ഷ്മി അറയ്ക്കല്‍

December 29, 2021
255
Views

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് മുന്നോടിയായി ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ശക്തമാക്കിയ തീരുമാനത്തിനെതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍.

ന്യൂ ഇയര്‍ സമയത്താണ് പലര്‍ക്കും നല്ല ഡി.ജെ വര്‍ക്ക് കിട്ടുന്നതെന്നും നാട്ടിലെ ജനങ്ങളെ ബിസിനസ് ചെയ്ത് രക്ഷപെടാന്‍ ഇവര്‍ അനുവദിക്കില്ലേ എന്നുമാണ് ശ്രീലക്ഷ്മി ചോദിക്കുന്നത്. പാര്‍ട്ടികള്‍ക്കിടെ വന്‍ തോതില്‍ മയക്കുമരുന്ന് ഇടപാടുകളും ഉപഭോഗവും നടക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ്, രാത്രി 10 മണിക്ക് ശേഷം ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയത്.

എന്തിനാണ് രാത്രി കര്‍ഫ്യൂ വെക്കുന്നതെന്നും ഡി.ജെ പാര്‍ട്ടി ബാന്‍ ചെയ്യുന്നതെന്നും ശ്രീലക്ഷ്മി ചോദിക്കുന്നു. ഇനി തിയേറ്റര്‍ കൂടെ അടച്ചാല്‍ എല്ലാം ശരിയായെന്നും ശ്രീലക്ഷ്മി പരിഹസിക്കുന്നു. ‘ഇവരെന്തിനാണ് ഈ രാത്രി കര്‍ഫ്യൂ ഒക്കെ വെക്കുന്നത്? നാട്ടിലെ ജനങ്ങളേ ഒരു കാലത്തും ഒരു ബിസ്സിനസും ചെയ്ത് രക്ഷപെടാന്‍ സമ്മതിക്കും എന്ന് തോന്നുന്നില്ല. ന്യൂ ഇയര്‍ സമയത്താണ് പല ഡി.ജെകള്‍ക്കും നല്ലൊരു വര്‍ക്ക് കിട്ടുന്നത്. ഇപ്പൊ ഇതാ രാത്രി ഡി.ജെ ബാന്‍ ചെയ്തിരിക്കുന്നു. New Year സമയത്തു രാത്രി കര്‍ഫ്യൂ കൂടെ കൊണ്ടുവരുന്നു. ശരിക്കും ഇവിടുള്ള അധികാരികള്‍ക്ക് എന്താണ്? മര്യാദക്ക് ഒരു പണീം ചെയ്യുകയും ഇല്ല. മനുഷ്യനെ ഒരു വിനോദത്തിനും സമ്മതിക്കുകയും ഇല്ല. ഇനി തീയേറ്റര്‍ കൂടി അടച്ചാല്‍ കണക്കായി’, ശ്രീലക്ഷ്മി അരസിക്കല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

അതേസമയം, സംസ്ഥാന പോലീസ് മേധാവി ആണ് ഡി.ജെ പാര്‍ട്ടി നിരോധിച്ചുകൊണ്ടുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് നിരീക്ഷിക്കും. പാര്‍ട്ടി ഹാളുകളിലെ സി.സി.ടി.വി. ക്യാമറകള്‍ ശരിയായി പ്രവര്‍ത്തിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന ഹോട്ടലുടമകള്‍ക്കും നോട്ടീസ് നല്‍കും. സംസ്ഥാനത്ത് ഡി.ജെ. പാര്‍ട്ടികള്‍ക്കിടെ മയക്കുമരുന്ന് ഉപയോഗം വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി. ഈ പാര്‍ട്ടികളിലേതെങ്കിലും മയക്കുമരുന്ന് ഉപയോഗം തടയാനാണ് പോലീസ് ശ്രമിക്കുന്നത്. അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *