രാജ്യത്ത് പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ നീക്കം.
ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ നീക്കം. ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന അടുത്ത സീസണില്‍ പഞ്ചസാരയുടെ കയറ്റുമതി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പഞ്ചസാര ഉല്‍പ്പാദനം കുറവാണ്. ആഭ്യന്തര തലത്തിലെ ആവശ്യകത മുന്നില്‍ കണ്ടാണ് മില്ലുകളില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
കരിമ്ബ് ഉല്‍പ്പാദക പ്രദേശങ്ങളില്‍ ഇത്തവണ മഴ കുറവാണ്. പ്രധാന കരിമ്ബ് ഉല്‍പ്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ ശരാശരിയേക്കാള്‍ താഴെയാണ് മഴ. ഏകദേശം 50 ശതമാനത്തിന്റെ കുറവാണ് മഴയില്‍ സംഭവിച്ചിരിക്കുന്നത്. പഞ്ചസാര ഉല്‍പ്പാദനത്തെ ഇത് ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ട് ഒക്ടോബര്‍ മുതല്‍ പഞ്ചസാര കയറ്റുമതി നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
കഴിഞ്ഞ ഏഴുവര്‍ഷം രാജ്യത്ത് പഞ്ചസാര കയറ്റുമതി നിരോധിച്ചിരുന്നില്ല. പഞ്ചസാര കയറ്റുമതി നിരോധിക്കുന്നത് ആഗോള വിപണിയില്‍ പഞ്ചസാരയുടെ വില ഉയരാന്‍ കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.