രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിങ്ങ് സെന്ററില്‍ പരിശീലനം നേടിക്കൊണ്ടിരുന്ന 16 കാരൻ ജീവനൊടുക്കി.
രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിങ്ങ് സെന്ററില്‍ പരിശീലനം നേടിക്കൊണ്ടിരുന്ന 16 കാരൻ ജീവനൊടുക്കി. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഞായറാഴ്ചയാണ് സംഭവം നടന്നത്.
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യം പരിശോധിച്ചാല്‍, ഈ വര്‍ഷം ജില്ലയിലെ 22-ാമത്തെ സംഭവം ആണിതെന്ന് പോലീസ് അറിയിച്ചു. ഇത് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം പതിനാറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നീറ്റ്, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതലായും കണ്ടുവരുന്നത്.
മഹാരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ത്ഥി വിജ്ഞാൻ നഗറിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ജീവനൊടുക്കിയതെന്ന് പോലീസ് അറിയിച്ചു. “ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല, കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതകളൊന്നും കണ്ടിരുന്നില്ല,” സര്‍ക്കിള്‍ ഓഫീസര്‍ ധര്‍മവീര്‍ സിംഗ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എല്) സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021ല്‍ രാജസ്ഥാനില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോട്ട ഇന്ത്യയുടെ മല്‍സര പരീക്ഷാ പരീശീലത്തിന്റെ കേന്ദ്രം ആണെന്നു തന്നെ പറയാം. ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് പ്രതിവര്‍ഷം 5,000 കോടി രൂപയുടെ ബിസിനസാണ് ഇവിടെ നടക്കുന്നത്. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷം രാജ്യമെമ്ബാടുമുള്ള വിദ്യാര്‍ത്ഥികള്‍ വൻതോതില്‍ ഇവിടെയെത്തുകയും റസിഡൻഷ്യല്‍ ടെസ്റ്റ്-പ്രെപ്പ് ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ പരീശീലനത്തിനായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു.
കുടുംബത്തില്‍ നിന്ന് അകന്നു കഴിയുന്നതു കൊണ്ടു തന്നെ, പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നിവയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ പലരും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാകും കടന്നുപോകുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന്, ജെഇഇക്ക് തയ്യാറെടുക്കുകയായിരുന്ന ബീഹാര്‍ സ്വദേശിയായ 18 കാരൻ, കോട്ടയിലെ മഹാവീര്‍ നഗര്‍ ഏരിയയിലെ താമസസ്ഥലത്തു വെച്ച് ജീവനൊടുക്കിയിരുന്നു. ഓഗസ്റ്റ് 11 ന്, ബീഹാര്‍ സ്വദേശിയായ 17 കാരനും ഇതേ സ്ഥലത്തുള്ള ഹോസ്റ്റലില്‍ വെച്ച് ജീവനൊടുക്കി. ഈ വിദ്യാര്‍ത്ഥിയും ജെഇഇ പരീക്ഷക്കായി തയ്യാറെടുത്തു വരികയായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 4 ന് ബീഹാറില്‍ നിന്നുള്ള മറ്റൊരു 17 കാരനും മഹാവീര്‍ നഗറില്‍ വെച്ച് ജീവനൊടുക്കിയിരുന്നു. ഓഗസ്റ്റ് 3 ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു നീറ്റ് ഉദ്യോഗാര്‍ത്ഥിയും വിജ്ഞാൻ നഗറില്‍ വെച്ച് ജീവനൊടുക്കി. പോലീസ് കണക്കുകള്‍ പ്രകാരം, 2022-ല്‍ കോട്ടയില്‍ മല്‍സര പരീക്ഷകള്‍ക്കായി തയ്യാറെടുത്തിരുന്ന 15 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. 2019-ല്‍ ഈ കണക്ക് 18 ആയിരുന്നു. 2018-ല്‍ സമാനമായ സാഹചര്യത്തില്‍ 20 വിദ്യാര്‍ത്ഥികളും 2017 ല്‍ ഏഴു വിദ്യാര്‍ത്ഥികളും, 2016-ല്‍ 17 വിദ്യാര്‍ത്ഥികളും, 2015-ല്‍ 18 പേരും ജീവനൊടുക്കി. 2023 ല്‍ ഇതുവരെ ഇത്തരത്തില്‍ 22 വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ ജീവനൊടുക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).