ലംഖിപൂര്‍ കൂട്ടക്കൊല ; പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ? യു.പി സര്‍ക്കാറിനോട് സുപ്രീംകോടതി

October 7, 2021
150
Views

ന്യൂഡല്‍ഹി: ലംഖിപൂരില്‍ കര്‍ഷകരുടെ ഇടയിലേക്ക് കാര്‍ കയറ്റി കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ യു.പി സര്‍ക്കാറിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. നാളെ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.

ആര്‍ക്കൊക്കെ എതിരെയാണ് കേസ് എന്നും അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുമുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട 19 കാരനായ ലവ്പ്രീത് സിങ്ങിന്‍റെ അസുഖബാധിതയായ മാതാവിന് ആവശ്യമായ ചികിത്സ നല്‍കാനും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും.

കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.പിയിലെ രണ്ട് അഭിഭാഷകര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പുറമെയാണ് സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത് .

ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരത്തിനിടെ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. വിഡിയോ അടക്കമുള്ള തെളിവുകള്‍ ലഭിച്ചെങ്കിലും ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *