കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തു.
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തു.
2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു സുരേഷ് കുമാര്‍ വിജിലൻസ് പിടിയിലാകുന്നത്. പിന്നാലെ മണ്ണാര്‍ക്കാടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 35 ലക്ഷം രൂപ പിടിച്ചെടുത്തത്. കണ്ടെത്തിയത് കൈക്കൂലി പണമാണെന്നാണ് വിജിലൻസ് അറിയിക്കുന്നത്.
മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള റവന്യൂ അദാലത്ത് വേദിയുടെ സമീപത്ത് നിന്നാണ് സുരേഷ് കുമാര്‍ 2500 രൂപ കൈക്കൂലിയായി കൈപ്പറ്റിയത്. മഞ്ചേരി സ്വദേശിയുടെ പരാതിയിന്മേലായിരുന്നു വിജിലൻസ് നടപടി. വിജിലൻസ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സുരേഷ് കുമാര്‍ ഇതുവരെ കൈക്കൂലിയായി കൈപ്പറ്റിയ ഭീമമായ തുകയെ കുറിച്ചുള്ള വിവരം പരിശോധനയിലൂടെയാണ് പുറത്തറിയുന്നത്. 35 ലക്ഷം രൂപയ്ക്ക് പുറമേ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖയും 17 കിലോ നാണയവും പിടികൂടിയിട്ടുണ്ട്. സുരേഷ് കുമാര്‍ സാലറി അക്കൗണ്ടില്‍ നിന്ന് പണം വിൻവലിക്കാറില്ലായിരുന്നുവെന്നാണ് വിജിലൻസ് അറിയിക്കുന്നത്. നിലവില്‍ ഇയാളുടെ സാലറി അക്കൗണ്ടില്‍ ബാക്കിയുള്ളത് 25 ലക്ഷം രൂപയാണ്.