പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് പിച്ചച്ചട്ടിയുമായി തെരുവില്‍ ഭിക്ഷയെടുക്കല്‍ സമരം നടത്തിയ മറിയക്കുട്ടിക്കും അന്നയ്ക്കും പിന്തുണയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.
പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് പിച്ചച്ചട്ടിയുമായി തെരുവില്‍ ഭിക്ഷയെടുക്കല്‍ സമരം നടത്തിയ മറിയക്കുട്ടിക്കും അന്നയ്ക്കും പിന്തുണയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.
ഇരുനൂറേക്കറിലെ മറിയക്കുട്ടിയുടെ വീട്ടില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഇന്നു രാവിലെ 8.40 ഓടെ സുരേഷ് ഗോപി എത്തി. ഇരുവര്‍ക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത സുരേഷ് ഗോപി വിഷയം ഇന്നു തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് പറഞ്ഞു.
പ്രധാനമന്ത്രിക്കു മുന്നില്‍ ഇരുവരെയും എത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. മാധ്യമ പ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അദ്ദഹം മറുപടി നല്‍കിയില്ല. ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇക്കാര്യത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി കോടതിയില്‍ കണക്ക് കൊടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി പൂര്‍ണ പിന്തുണ അറിയിച്ചെന്നും പ്രധാന മന്ത്രിയെ പ്രശ്‌നം അറിയിക്കുമെന്ന് ഉറപ്പു നല്‍കിയെന്നും മറിയക്കുട്ടി പറഞ്ഞു. തനിക്കെതിരേ നടത്തിയ കള്ള പ്രചാരണങ്ങള്‍ക്കെതിരേ കേസുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സുരേഷ് ഗോപിക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് മറിയക്കുട്ടി നടത്തിയ പരാമര്‍ശവും വൈറലായിരുന്നു. സുരേഷ് അത്തരത്തില്‍ പെരുമാറുന്ന ആളല്ലെന്നും വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ സിനിമകള്‍ താന്‍ കാണാറുണ്ടേന്നുമായിരുന്നു മറിയക്കുട്ടി ചാനല്‍ചര്‍ച്ചയില്‍ പ്രതികരിച്ചത്.
കഴിഞ്ഞ എട്ടിനാണ് പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് വയോധികരായ അടിമാലി ഇരുന്നൂറേക്കര്‍ പൊന്നെടുക്കാന്‍പാറ മറിയക്കുട്ടിയും (87), പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്ന ഔസേപ്പും (80) പിച്ചച്ചട്ടിയുമായി അടിമാലി ടൗണില്‍ ഭിക്ഷയെടുത്തത്. സംഭവം സര്‍ക്കാരിനെതിരേ തിരിയുകയും പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തതോടെ സിപിഎമ്മും ഇടതു സൈബര്‍ പോരാളികളും ഇതിനെതിരെ പ്രചാരണങ്ങളുമായി രംഗത്തെത്തി. പിന്നീട് ഇവര്‍ക്കെതിരേ അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ച സിപിഎം മുഖപത്രം ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.