സ്വർണ കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; ജില്ല വിടാം കേരളം വിടരുത്

November 23, 2021
106
Views

കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാന്‍ എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതി സ്വപ്നയ്ക്ക് അനുമതി നല്‍കി. എന്നാല്‍, കേരളം വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിൽ സ്വപ്നയ്ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്നു. എന്നാൽ മുൻകൂർ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുതെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു. വീട് തിരുവനന്തപുരത്താണെന്നും അവിടെ പോകാൻ ഈ വ്യവസ്ഥ നീക്കണമെന്നുമായിരുന്നു സ്വപ്ന സുരേഷിന്‍റെ ആവശ്യം. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ കേരളം വിട്ടുപോകണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും എൻഫോഴ്സ്മെന്‍റും കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഒന്നാം പ്രതി സരിത് (ഉള്‍പ്പെടെ നാല് പ്രതികള്‍ ഇന്ന് ജയിലിൽ നിന്നുമിറങ്ങും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും. നയതന്ത്രചാനൽ വഴി സ്വർണം കടത്തിയത് കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്യുന്നത് യുഎഇ കോണ്‍സിലേറ്റിലെ മുൻ ഉദ്യോഗസ്ഥനായ സരിത്തിനെയാണ്. സ്വർണ കടത്തിലെ മുഖ്യ ആസൂത്രകൻ സരിത്തെന്നാണ് കസ്റ്റംസ്, എന്‍ഐഎ ഏജൻസികളുടെ കണ്ടെത്തൽ. ഒരു വ‍ർഷത്തിലേറെയായി സരിത് ജയിലാണ്.

ജയിലിനുള്ളിൽ വച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന് സരിത് കോടതിയ്ക്ക് പരാതി നൽകിയിരുന്നു. സരിത്തിന്‍റെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ സ്വപ്ന, സന്ദീപ് നായർ എന്നിവർ നേരത്തെ ജയിലിൽ നിന്നും ഇറങ്ങി. ഇതോടെ സ്വർണ കടത്തിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്തായി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *