ഓണ്‍ലൈൻ ടാക്സികള്‍ കേരളത്തില്‍ വലിയ പ്രചാരം നേടുന്നില്ല എങ്കിലും സംസ്ഥാനത്തിൻ്റെ ചില ജില്ലകളില്‍ നല്ല പോലെ സഹായകരമാണ് ഇത്തരം സർവീസുകള്‍.
എന്നാല്‍ ഇപ്പോഴിതാ കേരളത്തിലെ ഓണ്‍ലൈൻ ടാക്സികള്‍ക്ക് പുതിയ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള സർക്കാർ. മോട്ടോർ വാഹന വകുപ്പില്‍ നിന്ന് അനുമതി നേടുകയും, എത്രെയാക്കെ യാത്രക്കാരുടെ തിരക്ക് വർധിച്ചാലും യാത്ര നിരക്കില്‍ വ്യത്യാസം വരുത്തരുത് എന്നുളള തരത്തിലാണ് മാർഗ നിർദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
അത് പോലെ തന്നെ ഡ്രൈവർമാരുടെ പൊലീസ് വേരിഫിക്കേഷൻ നടത്തുകയും, ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍, ലഹരിക്കേസിലെ പ്രതികള്‍ എന്നിവരെ ഡ്രൈവര്‍മാരാക്കരുത്. ഡ്രൈവര്‍മാരുടെ ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സേവനദാതാക്കള്‍ സൂക്ഷിക്കണം. ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. ഇവര്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനം ഒരുക്കുക, എന്നിങ്ങനെ നീളുന്നു നിർദേശങ്ങളുടെ പട്ടിക.
ഓണ്‍ലൈൻ ടാക്സികളുടെ നിരക്കിനെ വിശദമായി നോക്കുകയാണെങ്കില്‍ യാത്രനിരക്കിന്റെ 80 ശതമാനം വാഹന ഉടമയ്ക്കും 18 ശതമാനം കമ്ബനിക്കും രണ്ടുശതമാനം സര്‍ക്കാരിനുമായിരിക്കും ലഭിക്കുന്നത് എന്ന് പ്രത്യേകം ഓർമിക്കുക.ഇതിനായി അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസിൻ്റെ തുക. എട്ടു സീറ്റില്‍ താഴെയുള്ള വാഹനങ്ങളുപയോഗിച്ച് ഷെയര്‍ ടാക്സി നടത്താനും സംവിധാനമുണ്ട് എന്നതാണ് ഇതിൻ്റെ ഗുണം.
ടാക്സികളെ കുറിച്ച് കൂടുതലായി കുറച്ച് കാര്യങ്ങള്‍ അറിയുകയാണെങ്കില്‍ റോഡിലൂടെ സഞ്ചരിക്കുന്ന ടാക്സികള്‍ അല്ല ആകാശത്ത് കൂടി പറക്കുന്ന ടാക്സികളുടെ കാലമാണ് ഇനി വരാൻ പോകുന്നത്. ഇതൊക്കെ വല്ലോ നടക്കുവോ എന്നായിരിക്കും മനസില്‍ ചിന്തിക്കുന്നത്, എന്നാല്‍ അതൊക്കെ നടക്കും വലിയ താമസമില്ലാതെ തന്നെ. പോഡ് ടാക്സികള്‍ എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ. പേഴ്സണലൈസ്ഡ് റാപ്പിഡ് ട്രാൻസിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.
രാജ്യത്ത് ആദ്യമായി ഉത്തർപ്രദേശിലാണ് പോഡ് ടാക്സികള്‍ അവതരിപ്പിക്കാൻ പോകുന്നത്. ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഫിലിം സിറ്റി വരെയായിരിക്കും തുടക്കത്തില്‍ സർവീസ് നടത്തുക. ലഭിക്കുന്ന റിപ്പോർട്ടുകള്‍ അനുസരിച്ച് യമുന അതോറിറ്റി ഇന്ത്യയുടെ ആദ്യത്തെ പോഡ് ടാക്സി പദ്ധതിയുടെ പുതുക്കിയ DPR & ബിഡ് ഡോക്യുമെൻ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഇലക്‌ട്രിക് മൂലവും ഡ്രൈവർ ഇല്ലാതെയും പ്രവർത്തിക്കുന്ന ടാക്സികളെയാണ് പോഡ് ടാക്സി എന്ന് പറയുന്നത്. ഇതിനായി പ്രത്യേകം നിർമിച്ചിരിക്കുന്ന ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. റോഡിലെ എല്ലാ ദിവസത്തേയും തിരക്ക് ഒഴിവാക്കുവാൻ കൂടുതല്‍ ഉപകാരമായിരിക്കും. എയർപോർട്ട് മുതല്‍ ഫിലിം സിറ്റി വരെയുളള 14 കിലോമീറ്ററിലാണ് പോഡ് ടാക്സി സർവീസ് നടത്താൻ പോകുന്നത്.
ഈ 14 കിലോമീറ്ററിനുളളില്‍ 12 സ്റ്റേഷനുകളും ഉണ്ടായിരിക്കും. ദുബായ് സിംഗപ്പൂർ, ലണ്ടനിലെ ഹീത്രൂ എയർപോർട്ട് എന്നിവിടങ്ങളിലാണ് നിലവില്‍ പോഡ് ടാക്സിയുളളത്. ഈ അന്താരാഷ്ട്ര ട്രാൻസിറ്റ് സംവിധാനം ലഭിക്കുന്ന ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തർപ്രദേശ്. സർക്കാരിൻ്റെ കണക്കനുസരിച്ച് വിമാനത്താവളത്തില്‍ നിന്ന് ഫിലിം സിറ്റി വരെയുളള പോഡ് ടാക്സി ഉപയോഗിക്കാൻ കുറഞ്ഞത് 37000 യാത്രക്കാർ ഉണ്ടാകുമെന്നാണ്.
ഇടയ്ക്കുളള 12 സ്റ്റേഷനുകളില്‍ പാർക്ക്, ടോയ് പാർക്ക്, എന്നീ വിനോദ കേന്ദ്രങ്ങള്‍ പണിയുവാനും പദ്ധതിയിടുന്നുണ്ട്. 810 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവായി കണക്കാക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതിന് ശേഷം എത്രയും പെട്ടെന്ന് നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചാല്‍ 2024 അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഈ പദ്ധതി വിജയകരമായാല്‍ തീർച്ചയായും ഇത് പരിസ്ഥിതി സൗഹൃദവുമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഏറ്റവും ചിലവ് കുറഞ്ഞ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ കൂടെ ഏറ്റെടുത്താല്‍ രാജ്യത്തെ ഗതാഗത മേഖലയ്ക്ക് മികച്ച മുന്നേറ്റമായിരിക്കും. എന്തായാലും ടാക്സികള്‍ രാജ്യത്ത് വളരെ അനിവാര്യമായ കാര്യം തന്നെയാണ്.