തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
തിരുവനന്തപുരം: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ സുരേഖ, ചെറുമകള്‍ എന്നിവര്‍ക്കൊപ്പം ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് ക്ഷേത്രത്തില്‍ എത്തിയത്.
ഹനുമാന് വെണ്ണ മുഴുക്കാപ്പ് ചാര്‍ത്തുന്ന വഴിപാട് അദ്ദേഹം നേര്‍ന്നു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ വി.മഹേഷ്, മാനേജര്‍ ബി.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചിരഞ്ജീവിയെ സ്വീകരിച്ചു. അരമണിക്കൂര്‍ ചെലവിട്ടശേഷം രാവിലെ 6ന് ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങി. ഒരു ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് ചിരഞ്ജീവി തിരുവനന്തപുരത്തെത്തിയത്.
ഇന്ത്യയിലെ ഏറ്റവും സമ്ബന്നനായ താരങ്ങളിലൊരാളാണ് കൊനിഡേല ശിവശങ്കര വരപ്രസാദ് എന്ന ചിരഞ്ജീവി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്ബന്നനായ താരമാണ് ചിരഞ്ജീവി. 200 മില്യണ്‍ യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 1990കളില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമായിരുന്നു ചിരഞ്ജീവി. ഒരു കോടി രൂപയായിരുന്നു അന്ന് അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നത്. .
മകനും യുവതാരവുമായ രാംചരണ്‍ തേജയാണ് സമ്ബത്തിന്റെ കാര്യത്തില്‍ രണ്ടാമത്. 175 മില്യണ്‍ ഡോളറാണ് രാംചരണിന്റെ ആസ്തി.
അതേസമയം ചിരഞ്ജീവി നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഭോലാശങ്കര്‍ ബോക്സാഫീസില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. അജിത് നായകനായ തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം വേതാളത്തിന്റെ റീമേക്കായിരുന്നു ഭോലാശങ്കര്‍. തമന്ന നായികയായ ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയായി കീര്‍ത്തി സുരേഷാണ് അഭിനയിച്ചത്.