യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍

March 7, 2022
78
Views

യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവെച്ചത്.

അതേസമയം, യുക്രൈനില്‍ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ ആക്രമണം നടത്തി. ലുഹാന്‍സ്‌കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി കേള്‍ക്കാവുന്നതുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രാവിലെ 6:55 ന് ഉണ്ടായ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയില്‍ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആളപായമുണ്ടോയെന്ന് വ്യക്തമല്ല, അത്യാഹിത വിഭാഗങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയുമായി ഇന്ന് ഫോണില്‍ സംസാരിക്കും. യുക്രൈനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് യുക്രൈന്‍ പ്രസിഡന്റുമായി മോദി സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26നാണ് പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി അവസാനമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്‌കിയുമായി ബന്ധപ്പെടുന്നത്.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ യുദ്ധത്തിന്റെ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് യുക്രൈന്‍ രംഗത്തെത്തിയിരുന്നു. യുക്രൈനിലെ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നഴ്സറികള്‍ക്കും നേരെ റഷ്യ ആക്രമണം നടത്തുകയാണെന്ന് ഉപപ്രധാനമന്ത്രി ഒല്‍ഹ സ്റ്റെഫാനിഷിനയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഇര്‍പിന്‍ നഗരത്തിലുണ്ടായ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ നാലംഗ കുടുംബം ഞായറാഴ്ച കൊല്ലപ്പെട്ടിരുന്നു. അതേസമയം മരിയുപോളില്‍ വലിയ പലയാനമാണ് യുദ്ധ പശ്ചാത്തലത്തില്‍ നടക്കുന്നത്. അഞ്ചുദിവസമായി മരിയുപോളില്‍ വെള്ളവും വൈദ്യുതിയും നിശ്ചലമാണ്. റഷ്യ യുക്രൈനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം വിമര്‍ശിച്ചു. ജനവാസമേഖലകളില്‍ റഷ്യ നടത്തുന്ന ആക്രമണത്തെ കുറ്റപ്പെടുത്തി ബ്രിട്ടനും രംഗത്തെത്തി.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *