റായ്പൂർ: സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിലെ പൂജാരി കാങ്കറിലെ കാരിഗുട്ട വനത്തില്‍ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടത്.
സുരക്ഷാ സേനയും ഛത്തീസ്ഗഡ് പോലീസും തെലങ്കാന ഗ്രേഹൗണ്ടും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. സംഭവ സ്ഥലത്ത് നിന്നും ഭീകരർ ഉപയോഗിച്ചിരുന്ന ആയുധ ശേഖരം കണ്ടെടുത്തു.
ഇന്നലെ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ജില്ലാ റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്സ്, സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. കിരണ്ടുല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്ത് വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.
ഏപ്രില്‍ 3 ന് ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 13 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചിരുന്നു. തലേന്ന് ആരംഭിച്ച ഓപ്പറേഷൻ പിറ്റേന്ന് ആണ് പൂർത്തിയായത്. ഇതിനൊടുവിലാണ് 13 ഭീകരർ കൊല്ലപ്പെട്ടത്.