ഹെലികോപ്റ്റർ എത്തി എയർലിഫ്റ്റ് ചെയ്തു; ബാബുവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും

February 9, 2022
79
Views

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിലെത്തിക്കാനുള്ള ഹെലികോപ്റ്റർ എത്തി. സൂളൂരിലെ എയർബേസിൽ നിന്നുള്ള വ്യോമസേനാ ഹെലികോപ്റ്ററാണ് മലമുകളിൽ എത്തിയത്. ഈ ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്ത ബാബുവിനെ ഉടൻ ആശുപത്രിലെത്തിക്കും. തുടർ ചികിത്സക്കായി ബാബുവിനെ ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റുക.

മലയിൽ കുടുങ്ങിയ ബാബുവിനെ കരസേന രക്ഷിച്ചിരുന്നു. പിന്നീട് വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചു. രക്ഷാപ്രവർത്തകരാണ് അവശനിലയിലായ ബാബുവിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് അയച്ച് നൽകിയത്. എത്രയും പെട്ടെന്ന് ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റർ എത്തിക്കാൻ രക്ഷാപ്രവർത്തകർ അഭ്യർത്ഥിച്ചു.

ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.

അതേസമയം, നിർജലീകരണം കാരണമാവാം ബാബു രക്തം ഛർദ്ദിച്ചതെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിശദീകരണം. ആശങ്കയുടെ സാഹചര്യമില്ലെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.

45 മണിക്കൂറോളമാണ് ബാബു മലമുകളിൽ കുടുങ്ങിക്കിടന്നത്. ഇന്ന് രാവിലെ 10 മണിയോടെ ബാബുവിനെ കരസേന രക്ഷപ്പെടുത്തി. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികൻ. അവസാന ഘട്ടത്തിൽ ഇവർക്കൊപ്പം ഒരു സൈനികൻ കൂടി ചേർന്നിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു. വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം.

രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *