രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

March 14, 2022
97
Views

കേരളത്തിലെ മൂന്നു സീറ്റുകളിലെയടക്കം രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 21 നാണ്. ജയിക്കാൻ കഴിയുന്ന സീറ്റിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ നാളെ ചേരുന്ന എൽഡിഎഫ് യോഗം തീരുമാനമെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീളാനാണ് സാധ്യത.

എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാർ, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിൽ രണ്ടിന് തീരുന്നത്. വിജയിക്കാൻ കഴിയുന്ന രണ്ടുസീറ്റുകളുടെ വിഭജനം നാളെ വൈകിട്ട് ചേരുന്ന എൽഡിഎഫ് യോഗം ചർച്ച ചെയ്യും. രണ്ട് സീറ്റിലും മത്സരിക്കാനുള്ള സാധ്യതയാണ് സിപിഐഎം പരിശോധിക്കുന്നത്. സീറ്റുവേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. എൽജെഡി, എൻസിപി, ജെഡിഎസ് എന്നിവരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സിപിഐക്ക് ഒരു സീറ്റ് നൽകുമെന്നാണ് സൂചന. തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാർഥികളേയും തീരുമാനിക്കും.

ഒരു സീറ്റിലാണ് യുഡിഎഫിന് വിജയിക്കാനാവുക. എകെ ആന്റണിയുടെ കാലാവധി കഴിഞ്ഞുള്ള ഒഴിവായതിനാൽ സീറ്റ് കോൺഗ്രസിന് തന്നെയാണ്. മുതിർന്ന നേതാവ് കെ.വി.തോമസടക്കം സീറ്റിനായി പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാന നേതൃത്വത്തിനു തീരുമാനമെടുക്കാനായില്ലെങ്കിൽ, ഹൈക്കാമാൻഡിനു വിടാനാണ് സാധ്യത.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. 31ന് രാവിലെ 9 മണി മുതൽ നാല് മണി വരെയാണ് വോട്ടെടുപ്പ് . വൈകുന്നേരം 5 മണിക്ക് വോട്ടെണ്ണൽ.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *