സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് പത്ത് ശതമാനമായി കുറഞ്ഞു. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു.എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആശുപത്രികളിൽ ഐ.സി.യു. വെന്റിലേറ്റര്‍ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 3,66,120 കൊവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐ.സി.യുവും ആവശ്യമായി വന്നതെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രികരും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം.രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചു.