ആഗോളതലത്തിൽ അഞ്ചാമത്തെ മികച്ച ബീച്ചാണ് ഓസ്‌ട്രേലിയയിലെ വൈറ്റ് ഹെവൻ. ലോകത്തിലെ മികച്ച ഏകോ ഫ്രണ്ട്‌ലി ബീച്ചായും വൈറ്റ് ഹെവെന്നെ തെരെഞ്ഞെടുത്തിട്ടുണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 75000 പേരാണ് വർഷംതോറും വൈറ്റ് ഹെവൻ ബീച്ച് സന്ദർശിക്കുന്നത്.
ഓസ്‌ട്രേലിയയിലെ വിറ്റ്സണ്ടെ ദ്വീപിനടുത്തായാണ് വൈറ്റ്ഹെവൻ ബീച്ച് സ്ഥിതി ചെയ്യുന്നത്. നിരവധി റെക്കോർഡുകളും വൈറ്റ് ഹെവൻ ബീച്ചിന്റെ പേരിൽ സ്വന്തമായിട്ടുണ്ട്. ബീച്ചിൽ ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് അവിടുത്തെ മണൽ തരികളാണ്. 98.9% ശുദ്ധമായ സിലിക്കയാണ് ഇവിടുത്തെ മണൽത്തരികളിൽ ഉള്ളത്. സിലിക്ക അടങ്ങിയ മണൽ ക്വാർട്സ് മണൽ എന്നും അറിയപ്പെടുന്നു. ഈ സിലിക്കയാണ് ഇവിടുത്തെ മണലിന് വെളുത്ത നിറം നൽകുന്നത്. മണൽ വെളുത്തതാണ് എന്ന് മാത്രമല്ല മൃദുവും പൊടിയുമായിരിക്കും.
ഇവിടുത്തെ മണലിന് ചൂട് നിലനിർത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഏറ്റവും ചൂടേറിയ കാലാവസ്ഥയിലും ഇവിടുത്തെ മണലിന് ചൂട് ഉണ്ടാകില്ല. അതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് സുഗമമായി നടക്കാൻ സാധിക്കും. ഇവിടെ പുകവലിക്കാനോ അലക്ഷ്യമായി മാലിന്യങ്ങൾ നിക്ഷേപിക്കാനോ പാടില്ല. മാത്രവുമല്ല, ഇങ്ങോട്ടേക്ക് നായകൾക്ക് പ്രവേശനമില്ല.