കൊവിഷീല്‍ഡ് മൂന്നാമത് ഡോസ് എടുക്കുന്നത് നല്ലതാണെന്ന അഭിപ്രായവുമായി ‘സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’

August 14, 2021
356
Views

ന്യൂ ഡെൽഹി: കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിന് ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളാണ് കൊവിഷീൽഡ്, കൊവാസ്‌നും. ഇവ രണ്ടും രണ്ട് ഡോസ് വീതമാണ് നിലവില്‍ എടുക്കേണ്ടത്. എന്നാല്‍ കൊറോണ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും രണ്ട് ഡോസ് വാക്‌സിന് ഷേശം മൂന്നാമതൊരു ഡോസ് വാക്‌സിന്‍ കൂടി ‘ബൂസ്റ്റര്‍’ ഷോട്ടായി പ്രയോഗിക്കുന്നുണ്ട്.

ഇത്തരത്തില്‍ കൊവിഷീല്‍ഡ് വാക്‌സിനും മൂന്നാമത് ഡോസ് എടുക്കുന്നത് നല്ലതാണെന്ന അഭിപ്രായം പങ്കിടുകയാണ് കൊവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ ‘സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’. ഇന്‍സ്റ്റിറ്റ്യൂട്ടിലെ എണ്ണായിരത്തോളം വരുന്ന ജീവനക്കാര്‍ക്കും മൂന്നാം ഡോസ് കൊവിഷീല്‍ഡ് നല്‍കിയെന്നും താനും മൂന്നാമത് ഡോസ് സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനിച്ചതെന്നും ചെയ്തതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സൈറസ് പൂനംവാല പറഞ്ഞു.

അതേസമയം രണ്ട് തരം വാക്‌സിനുകള്‍ കൂടിക്കലര്‍ത്തി (മിക്‌സ്) പ്രയോഗിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു.

‘വാക്‌സിനെടുത്ത് ആറ് മാസം കഴിയുമ്പോള്‍ നമ്മളിലെത്തിയ ആന്റിബോഡികള്‍ കുറഞ്ഞുവരും. അതിനാലാണ് മൂന്നാമത് ഡോസ് എടുക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പറയുന്നത്. എല്ലാവര്‍ക്കും ഇതേ നിര്‍ദേശമാണ് നല്‍കാനുള്ളത്. പക്ഷേ വ്യത്യസ്തമായ രണ്ട് വാക്‌സിനുകള്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല…’- സൈറസ് പൂനംവാല പറഞ്ഞു.

കൊവിഷീല്‍ഡും കൊവാക്‌സിനും കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നത് പ്രതിരോധശക്തി വര്‍ധിപ്പിക്കുമെന്ന് ഐസിഎംആര്‍ പഠനം പുറത്തുവന്നിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് സൈറസ് പൂനംവാല അറിയിച്ചത്.

കൊവിഷീല്‍ഡ് വാക്‌സിന്റെ കയറ്റുമതി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ഒപ്പം തന്നെ സെപ്തംബറോടെ 45 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനുള്ള മറുപടിയും സൈറസ് പൂനംവാല അറിയിച്ചു.

‘മാസത്തില്‍ പത്ത് കോടി ഡോസ് വാക്‌സിനാണ് ഞങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതുതന്നെ തയ്യാറാക്കുക അത്ര എളുപ്പമല്ല. ലോകത്തിലെ ഒരു കമ്പനിയും മാസത്തില്‍ പത്ത് മുതല്‍ പന്ത്രണ്ട് കോടി ഡോസിലധികം വാക്‌സിന്‍ നിര്‍മ്മിക്കുന്നില്ല. വര്‍ഷത്തില്‍ 110 മുതല്‍ 120 കോടി ഡോസ് വരെയാണ് ഞങ്ങള്‍ക്ക് പരമാവധി നിര്‍മ്മിക്കാനാവുക. മറ്റ് കമ്പനികളും ഇതിനൊപ്പം വാക്‌സിന്‍ നിര്‍മ്മിക്കുമല്ലോ. എല്ലാം ഒരുമിച്ച് പ്രയോഗത്തില്‍ വരുമ്പോള്‍ വാക്‌സിനേഷന്‍ പ്രക്രിയ മുന്നോട്ടുപോകും…’- സൈറസ് പൂനംവാല പറഞ്ഞു.

അതേസമയം വാക്‌സിന് എളുപ്പത്തില്‍ അനുമതി നല്‍കാനും, കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനും കേന്ദ്രസര്‍ക്കാര്‍ കാണിച്ച സന്മനസിനെ പ്രകീര്‍ത്തിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *