വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ തിരിച്ചറിഞ്ഞാല്‍ വെടിവെച്ചുകൊല്ലുമെന്ന് വനംവകുപ്പ്.
പ്രജീഷിനെ കൊന്ന കടുവയെ തിരിച്ചറിയാന്‍ ശ്രമം വകുപ്പ് ആരംഭിച്ചു. കടുവയെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം. വെടിവെക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ണമെന്നും വനംവകുപ്പ് പറഞ്ഞു. അതേ സമയം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും. പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ നല്‍കും. കുടുംബത്തിലെ ഒരാള്‍ക്ക് ആശ്രിത നിയമനം നല്‍കുമെന്നും കടുവയെ വെടിവെച്ചു പിടികൂടാന്‍ സിസിഎഫിനോട് അനുമതി തേടിയെന്നും ഡിഫ്‌ഒ പറഞ്ഞു.