ടോക്കിയോ ഒളിംപിക്‌സ് വില്ലേജിൽ കൊറോണ ബാധ; ആശങ്കയോടെ താരങ്ങൾ

July 17, 2021
156
Views

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സ് വില്ലേജിൽ കൊറോണ റിപ്പോർട്ട് ചെയ്‌തു. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. താരങ്ങളും ഒഫീഷ്യൽസും താമസിക്കുന്ന ഒളിംപിക്‌സ് വില്ലേജിന് പുറത്തെ ഹോട്ടലിലാണ് കൊറോണ പോസിറ്റീവായ ആളെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

കൊറോണ പ്രതിരോധത്തിനായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുളളതായി സംഘാടകർ അറിയിച്ചു. ഒളിംപിക്‌സ് ഗ്രാമത്തിൽ കൊറോണ വ്യാപിച്ചാൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച്‌ വ്യക്തമായ പദ്ധതിയുണ്ടാകുമെന്നും സംഘാടകർ അവകാശപ്പെടുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കി. കൊറോണ വ്യാപനത്തെ തുടർന്നാണ് 2020ൽ നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് ഇക്കൊല്ലത്തേക്ക് മാറ്റിയത്.

ടോക്കിയോ നഗരത്തിൽ ഈ മാസം 23നാണ് ഒളിംപിക്‌സിന് തുടക്കമാകുന്നത്. കൊറോണ ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാൽ ടോക്കിയോയിൽ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലായ് 12ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ഓഗസ്റ്റ് 22 വരെ നീളും. ആയതിനാൽ തന്നെ ഇത്തവണ കാണികൾക്ക് ഒളിംപിക്‌സ് വേദികളിലേക്ക് പ്രവേശനമുണ്ടാകില്ല.

228 അംഗ ഇന്ത്യൻ സംഘമാണ് ഒളിംപിക്‌സിൽ പങ്കെടുക്കാനായി ടോക്കിയോയിലെത്തുക. ഇവരിൽ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉൾപ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച്‌ 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്‌ക്കും. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *