ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം ഇടിഞ്ഞതിനെത്തുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അന്തിമഘട്ടത്തിലേക്ക്.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം ഇടിഞ്ഞതിനെത്തുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അന്തിമഘട്ടത്തിലേക്ക്.
ഡ്രില്ലിംഗ് മെഷീൻ അവശിഷ്‌ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളില്‍ തട്ടിയതോടെ ഇന്നലെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടത് വലിയ ആശങ്കയാണു സൃഷ്‌ടിച്ചത്. എന്നാല്‍, തകരാര്‍ പരിഹരിച്ച് രാത്രിയോടെ ഡ്രില്ലിംഗ് പുനരാരംഭിക്കാനായി.
ഗ്യാസ് കട്ടറുകളുപയോഗിച്ച് ലോഹഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണു ഡ്രില്ലിംഗ് പുനരാരംഭിച്ചത്. രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന. വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്ന് അമേരിക്കൻ നിര്‍മിത കൂറ്റൻ ഡ്രില്ലിംഗ് മെഷീൻ എത്തിച്ചതോടെ രക്ഷാദൗത്യത്തിന് വേഗത കൈവന്നിരുന്നു.
കേടുപാടു പരിഹരിച്ച് ഡ്രില്ലിംഗ് പുരോഗമിക്കുകയാണെന്നും ഏതുസമയവും തൊഴിലാളികള്‍ക്കരികിലേക്ക് എത്തുമെന്നും നാഷണല്‍ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷൻ ലിമിറ്റഡ് ഡയറക്‌ടര്‍ അൻഷു മനിഷ് ഹാല്‍കോ പറഞ്ഞു. മറ്റൊരു ഡ്രില്ലിംഗ് മെഷീൻകൂടി ഇന്നു രാവിലെ ഇൻഡോറില്‍നിന്ന് വിമാനമാര്‍ഗം എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
25 മീറ്ററോളം തുരന്നുപോയ ഡ്രില്ലിംഗ് മെഷീൻ ഇന്നലെ രാവിലെ പത്തോടെയാണു ലോഹഭാഗങ്ങളില്‍ തട്ടിയത്. തുരന്ന ഭാഗത്തു സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതപാത ഒരുക്കാനാകും. അഞ്ചു പൈപ്പുകള്‍ ഇതിനോടകം അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ കടത്തിവിട്ടുകഴിഞ്ഞു.
സുരക്ഷിതരെന്ന് എസ്പി
രക്ഷാദൗത്യം എപ്പോള്‍ പൂര്‍ത്തിയാകുമെന്നു പറയാനാകില്ലെന്നും കുടുങ്ങിക്കിടക്കുന്ന എല്ലാവരും സുരക്ഷിതരാണെന്നും ഉത്തരകാശി എസ്പി അര്‍പൻ യദുവൻഷി വ്യക്തമാക്കി. വളരെ വേഗം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി എല്ലാവരെയും പുറത്തെത്തിക്കണമെന്നുതന്നെയാണ് ആഗ്രഹമെന്ന് സ്ഥലത്ത് ക്യാന്പ് ചെയ്യുന്ന കേന്ദ്രമന്ത്രി വി.കെ. സിംഗ് പറഞ്ഞു.
പക്ഷേ, അവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിബന്ധങ്ങളെക്കൂടി മുന്നില്‍ക്കണ്ടു മാത്രമേ പ്രവര്‍ത്തിക്കാൻ സാധിക്കൂ.
തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളോട് സംസാരിച്ചു. അവര്‍ ധൈര്യത്തോടെയാണ് ഇരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ തുരങ്കങ്ങളിലും ഉടൻ പരിശോധന നടത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി അറിയിച്ചു. 12,000 കോടിയുടെ ചാര്‍ ധാം പ്രോജക്‌ടിന്‍റെ ഭാഗമായി ഇനിയും തുരങ്കങ്ങള്‍ നിര്‍മിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ ഞായറാഴ്ച രാവിലെയാണു മണ്ണിടിച്ചിലുണ്ടായത്. തുരങ്കത്തിന്‍റെ പ്രവേശനകവാടത്തില്‍നിന്ന് 200 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം.
ആരോഗ്യനിലയില്‍ ആശങ്ക
60 മീറ്ററോളം അവശിഷ്‌ടങ്ങള്‍ തുരന്നു മാറ്റി വേണം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് എത്താൻ. പ്രത്യേക കുഴലുകളിലൂടെ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലും രക്ഷാദൗത്യം വൈകുംതോറും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയേറുകയാണ്.
തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ചിലര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കുന്ന പക്ഷം ഉടൻ ചികിത്സ നല്‍കുന്നതിനായി നിരവധി ഡോക്‌ടര്‍മാരുള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെയും പത്ത് ആംബുലൻസുകളും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ മാനസികാരോഗ്യവും ഡോക്‌ടര്‍മാര്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്.