ആര്‍. അശോക കര്‍ണാടക പ്രതിപക്ഷ നേതാവ്

November 18, 2023
33
Views

കര്‍ണാടക പ്രതിപക്ഷ നേതാവായി ആര്‍. അശോകയെ തെരഞ്ഞെടുത്തു.

ബംഗളൂരു: കര്‍ണാടക പ്രതിപക്ഷ നേതാവായി ആര്‍. അശോകയെ തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് അശോകയെ നേതാവായി തെരഞ്ഞെടുത്തത്.

ഏഴു തവണ നിയമസഭാംഗമായ അശോക (59) 2012 ജൂലൈ മുതല്‍ 2013 മേയ് വരെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്നു. അഞ്ചു മുഖ്യമന്ത്രിമാരുടെ മന്ത്രിസഭകളില്‍ ഇദ്ദേഹം മന്ത്രിയായിരുന്നു. ബിജെപിയുടെ വൊക്കലിഗ മുഖമാണ് അശോക.

കേന്ദ്രമന്ത്രി നിര്‍മല സീതാരാമൻ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത്കുമാര്‍ ഗൗതം, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദിയൂരപ്പ, ബസവരാജ് ബൊമ്മെ എന്നിവര്‍ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞയാഴ്ചയാണ് യെദിയൂരപ്പയുടെ മകനും ലിംഗായത്ത് വിഭാഗക്കാരനുമായ വിജയേന്ദ്രയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയത്. മേയില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായെങ്കിലും പ്രതിപക്ഷനേതാവിനെ ബിജെപി തെരഞ്ഞെടുത്തിരുന്നില്ല.

224 അംഗ കര്‍ണാടക നിയമസഭയില്‍ ബിജെപിക്ക് 66 സീറ്റാണുള്ളത്. 19 അംഗങ്ങളുള്ള ജെഡി-എസ് ബിജെപിയുമായി സഖ്യം സ്ഥാപിച്ചിട്ടുണ്ട്. ജെഡി-എസ് നേതാവ് എച്ച്‌.ഡി. കുമാരസ്വാമിയെ പ്രതിപക്ഷനേതാവാക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Article Categories:
Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *